സംസ്ഥാനത്ത് കനത്ത ഒമിക്രോൺ ജാഗ്രത; തലസ്ഥാനത്ത് സിപിഎമ്മിന്‍റെ മെഗാ തിരുവാതിര; എംഎ ബേബിയടക്കം കാഴ്ചക്കാര്‍

തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രതയിൽ നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. കൊറോണ കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്.

കുത്തനെ കൊറോണ കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികൾ ഓൺലൈനാക്കണം, പൊതുയോഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പക്ഷെ അടച്ചിടൽ ആശങ്കയുടെ വക്കിൽ നിൽക്കെ സമൂഹതിരുവാതിര സംഘടിപ്പിച്ചാണ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തയ്യാറെടുത്തത്.

പാറശ്ശാല ഏര്യാ കമ്മിറ്റിയിലെ 501 സ്ത്രീകൾ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കാഴ്ചക്കാരായി എത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.

കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും 250ലേറെ പേരാണ് പങ്കെടുക്കുന്നത്. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിൽ ആണ് ജില്ലാ സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിലേക്ക് പൊതുജനം വരേണ്ടെന്നാണ് നിലവിലെ നിർദ്ദേശം.

മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ ഉടനീളം പങ്കെടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ രാത്രികാല, വാരാന്ത്യ നിയന്ത്രണങങ്ങളിലേക്ക് ഒക്കെ കടന്നപ്പോഴും, സിപിഎം സമ്മേളനങ്ങൾ കാരണമാണ് കേരളം കടുത്ത നടപടികളെടുക്കാത്തത് എന്ന് അഭിപ്രായമുയരുന്നുണ്ട്.