തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് സ്വയം ന്യായീകരണവുമായി കേരള സര്‍വകലാശാല വി സി പ്രൊഫ വി പി മഹാദേവന്‍ പിള്ള. മനസ്സു പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താന്‍ കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വിസി പ്രസ്താവനയില്‍ പറഞ്ഞു.
ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാന്‍ താന്‍ പരമാവധി ജാഗരൂകനാണെന്നും വിസി കൂട്ടിച്ചേര്‍ത്തു. രണ്ടുവരി തെറ്റാതെ എഴുതാന്‍ കഴിയാത്തയാള്‍ എങ്ങനെ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി തുടരുമെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.
രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം വിസി നിരാകരിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. സിന്‍ഡിക്കറ്റ് അംഗങ്ങളുമായി ആലോചിച്ചപ്പോള്‍ നിര്‍ദേശം അവര്‍ എതിര്‍ത്തതായാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ വിസി അറിയിച്ചത്. ചട്ടപ്രകാരം സിന്‍ഡിക്കറ്റ് വിളിച്ചു ചേര്‍ത്ത് തീരുമാനം എടുക്കാന്‍ വിസി തയാറാകാതെ വന്നതോടെ, ഡി ലിറ്റ് നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം എഴുതി നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
സ്വന്തം കൈപ്പടയില്‍ ലെറ്റർ ഹെഡിൽ പോലുമല്ലാതെ വൈസ് ചാൻസലർ വെള്ള പേപ്പറിൽ മറുപടി എഴുതിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. ഇംഗ്ലീഷിൽ എഴുതിയ കത്തിൽ തെറ്റുകളും കടന്നു കൂടിയതോടെയാണ് ഗവര്‍ണര്‍ വിസിയെ വിമര്‍ശിച്ചത്. രാജ്യത്തെ ഏറ്റവും പഴയ സര്‍വകലാശാലകളില്‍ ഒന്നിന്റെ വിസിയാണ് ഇത്തരം ഭാഷയില്‍ കത്തെഴുതുന്നതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.