കാസര്‍ഗോഡ്: ജീവിതത്തിനും മരണത്തിനുമിടയില്‍ രണ്ടു ദിനരാത്രങ്ങള്‍. ഒടുവില്‍ ജോസഫ് (51) നീന്തിക്കയറി. മത്സ്യബന്ധന ബോട്ടില്‍നിന്നും തെറിച്ചുവീണ തൊഴിലാളിയായ ജോസഫാണ് മുപ്പതു മണിക്കൂര്‍ കടലില്‍ കഴിച്ചുകൂട്ടിയത്. മത്സ്യത്തൊഴിലാളികളുടെയും തീരദേശ പോലീസിന്റെയും സഹായത്തോടെയാണ് ഇയാൾ ജീവിതത്തിലേക്ക് നീന്തിക്കയറി.
തമിഴ്നാട്ടിലെ രാമപുരം സ്വദേശിയാണ് ജോസഫ്. കാസര്‍ഗോഡ് കീഴൂര്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് വെള്ളിയാഴ്ച വൈകുന്നേരം കരയില്‍നിന്നും ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കമിഴ്ന്നുകിടക്കുകയായിരുന്ന ജോസഫിനെ കണ്ടെത്തിയത്.
ദിനേശന്, സുരേഷ്, ശൈലേഷ് എന്നിവരടങ്ങിയ സംഘം അടുത്തുചെന്നു നോക്കിയപ്പോള്‍ അനക്കം കണ്ട് ജീവനുള്ളതായി സംശയം തോന്നിയതോടെ ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതനുസരിച്ച് തളങ്കര തീരദേശ പോലീസ് സ്റ്റേഷനിലെ പോലീസ് സംഘവും കോസ്റ്റല്‍ ഗാർഡും സഹായത്തിനെത്തി.
കരയ്ക്കെത്തിച്ച ഉടന്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സകള്‍ നൽകി. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജോസഫ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കടലിലേക്ക് പുറപ്പെട്ടത്. വല വിരിക്കുന്നതിനിടയിലാണ് കടലിലേക്ക് വീണതെന്ന് സംശയിക്കുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സമീപത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. തുടര്‍ന്ന് മംഗളൂരു പാണ്ഡേശ്വരം സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു.