തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിന് മോൻസൻ മാവുങ്കലിന് ഒത്താശ ചെയ്ത ഐജി ജി. ലക്ഷ്മണിന്റെ സസ്പെൻഷൻ തുടരാൻ തീരുമാനം. കാരണം കാണിക്കൽ നോട്ടീസിന് ഐജി നൽകിയ മറുപടി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച ശേഷമാണ് ആദ്യ കാലാവധി വരെ സസ്പെൻഷൻ തുടരാൻ തീരുമാനിച്ചത്.
ആറു മാസമാണ് സസ്പെൻഷൻ കാലാവധിയെങ്കിലും രണ്ടു മാസമെത്തിയപ്പോൾ പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനി നാലു മാസം കൂടി സസ്പെൻഷൻ തുടരും.
ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അധ്യക്ഷതയിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരടങ്ങിയ സമിതിയാണ് ഐജിയുടെ മറുപടി പരിശോധിച്ചത്. ലക്ഷ്മണിനെതിരേ വകുപ്പുതല അന്വേഷണം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
പോലീസ് ഐജിയുടെ അധികാരം ദുർവിനിയോഗം ചെയ്തു പൂരാവസ്തു തട്ടിപ്പിനു മോൻസൻ മാവുങ്കലിനെ സഹായിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എങ്കിലും ഐജിയെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ല.