കണ്ണൂർ: ട്രെയിനിൽ റെയിൽവേ പൊലീസിന്റെ മർദനമേറ്റതായി ഓർമയില്ലെന്നു യാത്രക്കാരനായ കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീർ. ഇന്നലെ രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയിൽവേ പൊലീസ് കണ്ടെത്തിയ ഷമീറിനെ ഉച്ചയോടെ കണ്ണൂരിലെത്തിച്ച ശേഷം അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചു. ഷമീറിനെതിരെ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു. റെയിൽവേ പൊലീസിനെതിരെ പരാതിയില്ലെന്നു ഷമീറും പറഞ്ഞു.
കൂലിപ്പണിയെടുത്താണു ജീവിക്കുന്നതെന്നും കോഴിക്കോട്ടെ സന്നദ്ധ സംഘടന നടത്തുന്ന ക്യാംപിലാണിപ്പോൾ കഴിയുന്നതെന്നും ഷമീർ മൊഴി നൽകി. ‘ഞായറാഴ്ച മാഹിയിലെത്തി നന്നായി മദ്യപിച്ചിരുന്നു. ഒറ്റയ്ക്കായിരുന്നു മദ്യപാനം. എടുത്തതു സ്ലീപ്പർ ടിക്കറ്റ് ആണോയെന്ന് ഉറപ്പില്ല. യാത്രക്കിടെ ആരെങ്കിലും മർദിച്ചതായി ഓർമയില്ല. മദ്യപിച്ചാൽ ഉറക്കം വരാറുണ്ട്. തിങ്കൾ രാവിലെ ബോധം വീണപ്പോഴാണു വടകര റെയിൽവേ സ്റ്റേഷനിലാണെന്നു മനസ്സിലായത്. രണ്ടു ദിവസമായി കറങ്ങി നടക്കുകയായിരുന്നു.’ ഷമീർ മൊഴി നൽകി.
ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, എസ്ഐ ജംഷീർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണു പൊന്നൻ ഷമീറിനെ കണ്ടെത്തിയത്. ബന്ധുക്കൾ ഏറ്റെടുക്കാൻ എത്താതിരുന്നതിനാലാണ് റെയിൽവേ പൊലീസ് എസ്ഐ പി.നളിനാക്ഷന്റെ നേതൃത്വത്തിൽ ഇയാളെ കണ്ണൂരിൽ സന്നദ്ധസംഘടന നടത്തുന്ന അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചത്.
ഷമീറിനെ ബൂട്ടിട്ട കാലു കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സി.പ്രമോദിനെ സസ്പെൻഡ് ചെയ്തിരുന്നു.