കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റി ഗവർണർ അറിയാതെ വിവിധ പഠന ബോർഡുകൾ പുന:സംഘടിപ്പിച്ചതി നെതിരായ ഹർജ്ജി ഹൈക്കോടതിയുടെ ഡിവിഷൻബെഞ്ച് ഫയലിൽ സ്വീകരിച്ച് നോട്ടീസ് അയക്കാൻ ഉത്തരവ്. സർവകലാശാലയുടെ നടപടി പ്രഥമദൃഷ്ട്യ തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഫയലിൽ സ്വീകരിച്ച് വിസി ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ചീഫ്ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
നേരത്തെ സിംഗിൾ ബെഞ്ച് ഹർജ്ജി ഫയലിൽ സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ഹർജ്ജിക്കാരായ സെനറ്റ് അംഗം വി. വിജയകുമാർ, അക്കാഡമിക് കൗൺസിൽ അംഗം ഡോ:ഷിനോ. പി. ജോസ് എന്നിവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ചാൻസിലർ അറിയാതെ സർവകലാശാല പഠന ബോർഡുകൾ പുനസംഘടിപ്പിച്ച സർവകലാശാലയുടെ നടപടി
ചട്ടവിരുദ്ധമാണെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ നൽകിയ പത്രിക കൂടി കണക്കിലെടുത്താണ് കോടതി വിസി ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടിസ് അയക്കാൻ ഉത്തരവിട്ടത്.
വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്. രണ്ടു വർഷമാണ് ബോർഡുകളുടെ കാലാവധി.
സർവകലാശാലാ നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമാണ്. സർവകലാശാല നിലവിൽ വന്ന 1996 മുതൽ ഗവർണറാണ് നാമനിർദേശങ്ങൾ നടത്തിയിട്ടുള്ളതും.
വിവിധ കോഴ്‌സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക,ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളുള്ള ബോർഡിൽ, സർക്കാർ, എയിഡഡ് കോളേജുകളിലെ മുതിർന്ന പല അധ്യാപകരെയും ഒഴിവാക്കി,യുജിസി യോഗ്യതകളില്ലാത്ത സ്വശ്രയ കോളേജ് അധ്യാപകരേയും കരാർ അധ്യാപകരേയും ഉൾപ്പെടു ത്തിയതായും ഹർജ്ജിയിൽ പറയുന്നു.കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ഹർജ്ജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.