മൊബൈലും ലാപ്ടോപ്പും ഇനി ചവിട്ടി ചാർജ് ചെയ്യാം

കൊച്ചി: മൊബൈലും ലാപ്ടോപ്പുമെല്ലാം ഇനി ചവിട്ടി ചാർജ് ചെയ്യാനാകും. എം.ജി. റോഡ് മെട്രോ സ്റ്റേഷനിൽ ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന ചാർജിങ് കിയോസ്ക് ഫുട്‌ബോൾ താരം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യപരമായ ഗുണം കൂടിയുണ്ട് ഈ കിയോസ്കിന്. സൈക്കിൾ ചവിട്ടുന്നതുപോലുള്ള ഗുണം ശരീരത്തിനു ലഭിക്കും. യാത്രക്കാരിൽ വ്യായാമശീലം വളർത്തുക എന്നതുകൂടി ഇതുവഴി ലക്ഷ്യമിടുന്നതായി കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.

മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പവർ ബാങ്ക് തുടങ്ങിയവ പെഡൽ ചവിട്ടിക്കറക്കി ചാർജ് ചെയ്യാം. നെക്സ്റ്റ് ജനറേഷൻ ചാർജിങ് കിയോസ്ക് വികസിപ്പിച്ചത് സ്റ്റാർട്ടപ്പ് സംരംഭമായ സ്മാഡോ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. സാധാരണ വൈദ്യുതിയിൽ ചാർജ് ചെയ്യുന്ന അതേ വേഗത്തിൽ റൈഡ് ഓൺ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ഉപകരണം ഉപയോഗിച്ച് ചാർജ് ചെയ്യാം. എസ്കലേറ്ററും ലിഫ്റ്റും ഉപയോഗിക്കുന്നതിനൊപ്പം ചവിട്ടുപടികൾ കയറുന്നതും ഇറങ്ങുന്നതും പ്രോത്സാഹിപ്പിക്കാൻ മ്യൂസിക്കൽ സ്റ്റെയറും എം.ജി. റോഡ് സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്.

തിരക്കുപിടിച്ചുള്ള യാത്രയ്ക്കിടയിൽ ശരീരം ഫിറ്റായി സൂക്ഷിക്കണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇത്തരം ഉപകരണങ്ങൾ സഹായിക്കുമെന്നും യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം ചാർജിങ് ഉപകരണങ്ങൾ സാധാരണമാണെന്നും ഐ.എം. വിജയൻ പറഞ്ഞു.

ചടങ്ങിൽ കെ.എം.ആർ.എൽ. സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ സുമി നടരാജൻ, സ്മാഡോ ലാബ് സി.ഇ.ഒ. പി. ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.