പ്രതിസന്ധിയെത്തുടർന്ന് വരുമാനം കുറഞ്ഞു; ശ്രീപദ്മനാഭക്ഷേത്രം നിത്യച്ചെലവിനായി കടമെടുക്കുന്നു

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയിൽ വരുമാനം കുറഞ്ഞതിനെ തുടർന്ന് ശതകോടികളുടെ ആസ്തിയുള്ള ശ്രീപദ്മനാഭക്ഷേത്രം നിത്യനിദാനച്ചെലവിനായി കടമെടുക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്പയായി രണ്ടുകോടിരൂപ അനുവദിച്ചു.

പ്രതിദിനച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10 കോടി രൂപ വായ്പ അനുവദിക്കണമെന്നും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. 2021 മേയിൽ നൽകിയ കത്തിൽ ഇപ്പോഴാണ് തീരുമാനമെടുത്തത്. വായ്പ തിരിച്ചടവിന് ഒരുവർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്.

നിത്യച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം പെൻഷൻ എന്നിവയ്ക്കായി ദിവസം നാലുലക്ഷം രൂപ വേണ്ടിവരും. മണ്ഡലകാലം ആയിട്ടുപോലും ഇപ്പോൾ 2.5 ലക്ഷം രൂപയാണ് ദിവസ വരുമാനം.