തൃശ്ശൂർ: മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. മലപ്പുറം എംഎസ്പിയിലെ എഎസ്ഐ പ്രശാന്തിനെയാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി എട്ടിന് പീച്ചി കണ്ണാറയിൽ പട്ടിക്കാട്-പീച്ചി റോഡിൽ കണ്ണാറ കയറ്റത്തായിരുന്നു അപകടം. അമിതവേഗത്തിൽ വാഹനം ഓടിച്ച പ്രശാന്ത്, ബൈക്ക് യാത്രികരായ ദന്പതികളെ ഇടിച്ചിട്ടു. സംഭവത്തിൽ ബൈക്ക് യാത്രക്കാരായ പാണഞ്ചേരി തെക്കത്ത് വളപ്പിൽ ശശി മകൻ ലിജിത്ത് (24), ഭാര്യ കാവ്യ (22) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
അപകടത്തിനുശേഷം നിർത്താതെ പോയ പോലീസുകാരനെയും സംഘത്തെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. അപകടത്തെതുടർന്ന് ടയർ പൊട്ടിയതിനാലാണ് വാഹനം നിർത്താൻ നിർബന്ധിതരായത്.
പീച്ചിയിൽ ഒരു ബർത്ത്ഡേ പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു പ്രശാന്തും മൂന്നു സുഹൃത്തുക്കളുമടങ്ങുന്ന സംഘം. വാഹനത്തിലുണ്ടായിരുന്നവരെല്ലാം കുടിച്ചു ലക്കു കെട്ട നിലയിലായിരുന്നു. അമിതവേഗത്തിലായിരുന്നു കാറെന്നു ദൃക്സാക്ഷികൾ പറയുന്നു. കാർ നിയന്ത്രണംവിട്ടതുപോലെ തങ്ങളുടെ നേരെ വരുന്നതുകണ്ടു ലിജിത്ത് ബൈക്ക് ഒതുക്കിനിർത്താൻ ശ്രമിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാർ തടഞ്ഞപ്പോൾ പ്രശാന്ത് അടക്കമുള്ളവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ഒരാൾ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം.
വിലങ്ങന്നൂരിലേക്കു പോവുകയായിരുന്നു പരിക്കേറ്റ ലിജിത്തും ഭാര്യയും. കാലുകൾക്കു ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. ഇരുവരുടെയും വലതുകാൽ ഒടിഞ്ഞുതൂങ്ങി എല്ലുകൾ പുറത്തുവന്ന നിലയിലായിരുന്നു.