ഒമിക്രോണിനേക്കാൾ അപകടകാരി; കൊറോണയുടെ മറ്റൊരു വകഭേദം ഫ്രാൻസിൽ കണ്ടെത്തി

പാരിസ്: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന് പിന്നാലെ മറ്റൊരു വകഭേദം കൂടി ഫ്രാൻസിൽ കണ്ടെത്തി. മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരിൽ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

പുതിയ വകഭേദത്തിന് വേരിയന്റ് ഐഎച്ച്‌യു (ബി. 1.640.2) എന്നാണ് പേര് നൽകിയിരിക്കുന്നത്. പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാക്‌സിനുകളെ അതിജീവിക്കാൻ പുതിയ വൈറസിന് ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാളും രോഗവ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തൽ.

ദക്ഷിണ ഫ്രാൻസിലെ മാഴ്സെയിൽ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കൊറോണ വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

‘പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നു. എന്നാൽ അവ കൂടുതൽ അപകടകരമാകുമെന്ന് അർത്ഥമാക്കുന്നില്ല. ഒരു വേരിയന്റിനെ കൂടുതൽ അറിയപ്പെടുന്നതും അപകടകരവുമാക്കുന്നത് യഥാർത്ഥ വൈറസുമായി ബന്ധപ്പെട്ട് അതിന്റെ മ്യൂട്ടേഷനുകളുടെ എണ്ണം കാരണം വർദ്ധിപ്പിക്കാനുള്ള കഴിവാണ്…’- എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗൽ-ഡിംഗ് ട്വിറ്ററിൽ കുറിച്ചു.

ഒമിക്രോൺ പോലെ ഇത് കൂടുതൽ പകർച്ചവ്യാധിയും മുൻകാല പ്രതിരോധശേഷി ഒഴിവാക്കുന്നതുമാണ്. ഈ പുതിയ വേരിയന്റ് ഏത് വിഭാഗത്തിൽ പെടുമെന്നതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.