തിരുവനന്തപുരം: രൂക്ഷമായ എതിര്‍പ്പ് വ്യാപകമാകുന്നതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ച് പദ്ധതി നടപ്പാക്കാനുള്ള തന്ത്രങ്ങളുമായി മുഖ്യമന്ത്രി. പദ്ധതിക്കെതിരേ ഉയരുന്ന പ്രതിഷേധങ്ങളുടെ മുനയൊടിച്ച് പൗരപ്രമുഖരെ ഒപ്പം നിർത്താനാണ് ഇന്ന് ആദ്യ പൊതുപരിപാടി തിരുവനന്തപുരത്ത് നടത്തുന്നത്. പദ്ധതിയെക്കുറിച്ച് ഉയർന്നു വരുന്ന ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നല്‍കുമെന്നാണ് വിശദീകരണം.
സില്‍വര്‍ലൈനിനെതിരെ സംസ്ഥാനത്ത് എതിര്‍പ്പ് ശക്തിപ്പെടുന്നതിനിടെയും പദ്ധതി പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. കണ്ണൂരില്‍ സാമൂഹിക ആഘാതപഠനം ഉടന്‍ തുടങ്ങും, സ്ഥലമെടുപ്പിന്‍റെ ഭരണപരമായ ചെലവുകള്‍ക്ക് കെ റെയിലിന് 20 കോടി 50 ലക്ഷം അനുവദിക്കുകയും ചെയ്തു. ഇതോടൊപ്പം വിവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി പദ്ധതിയോടുള്ള എതിര്‍പ്പ് മയപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ഒന്‍പത് ജില്ലകളിലും മുഖ്യമന്ത്രി പൗരപ്രമുഖരെകാണും. ക്ഷണിക്കപ്പെട്ട 200 അതിഥികളോടാണ് ജിമ്മിജോര്‍ജ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത്. പദ്ധതി എന്തുകൊണ്ട് സംസ്ഥാനത്തിന് അനിവാര്യം എന്നതിലാകും ഊന്നല്‍. നഷ്ടപരിഹാരപാക്കേജിന്‍റെ ആകര്‍ഷണീയത അവതരിപ്പിക്കും. ഒപ്പം സാങ്കേതിക, സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കും. ആര് എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സന്ദേശം നല്‍കാനാണ് ശ്രമം.
പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ബിജെപി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ മാറ്റാന്‍ ഇടപെട്ടെന്നുമുള്ള ആരോപണം വിശദീകരിക്കാനുമിടയുണ്ട്. ആറാം തീയതി എറണാകുളത്ത് മുഖ്യമന്ത്രിയുടെ ആശയവിനിമയ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഏതാനും പ്രമാണികളോടല്ലാതെ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. പൊതുഖജനാവിന്‍റെ ധൂര്‍ത്താണ് വിശദീകരണയോഗമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മുന്നണി ആരോപിച്ചു.