തിരുവനന്തപുരം: ഏറെ നാളുകളായി അടച്ചിട്ടിരുന്ന പൊന്മുടി വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്കായി ബുധനാഴ്ച മുതൽ തുറന്ന് കൊടുക്കുന്നു. കൊറോണയും കനത്തമഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു പൊന്മുടി. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ അന്തിമ തീരുമാനമാനം എടുത്തത്.
സമുദ്രനിരപ്പിൽ നിന്നും 610 മീറ്റർ ഉയരത്തിലുള്ള പൊന്മുടി സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. കാട്ടരുവികളും വള്ളിപ്പടര്‍പ്പുകളും മഞ്ഞിന്‍റെ മനോഹാരിതയുമൊക്കെ കുറച്ചുനാളുകളായി യാത്രികര്‍ക്ക് അന്യമാണ്. ക്രിസ്മസ് കാലത്ത് തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ജില്ലാ കലക്ടറുടെ നിർദേശമനുസരിച്ച് റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടും ഡി.എഫ്.ഒ യും തഹസിൽദാറും നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടാവസ്ഥയിലുള്ള റോഡിന്‍റെ ഭാഗത്ത് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ ഇനി സഞ്ചാരികള്‍ക്ക് മലകയറാം.