ട്രെയിനിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ

കണ്ണൂർ: ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തെന്ന് ആരോപിച്ച് യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ. എഎസ്ഐ പ്രമോദിനാണ് സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്. പ്രമോദ് മനുഷ്യത്വരഹിതമായിട്ടാണ് പെരുമാറിയത്. അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ടിടിഇയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥൻ ഇടപെട്ടത്. മാവേലി എക്സ്പ്രസ്സിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ടിയത് ഗുരുതര തെറ്റ്. സ്പെഷ്യൽ ബ്രാഞ്ച് എസ്പി കണ്ണൂർ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.

എഎസ്ഐയെ വിളിച്ച് വരുത്തി വിശദമായ മൊഴി എടുക്കുകയും ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ യാത്രക്കാരൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി. എന്നാൽ ഇത്തരത്തിൽ നിയമ പ്രശ്നമുണ്ടെങ്കിലും ഒരു യാത്രക്കാരനെ ചവിട്ടി നിലത്തിടുന്നതും മറ്റും ഗുരുതരമായ തെറ്റാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കർശന നടപടിയുണ്ടാകണമെന്ന റിപ്പോർട്ടാണ് കണ്ണൂർ എസ്പിയ്ക്ക് നൽകിയിരിക്കുന്നത്. ഇത് ഇദ്ദേഹം ഡിജിപിയ്ക്ക് കൈമാറും. സമാന്തരമായി റെയിൽവേ പോലീസും ഒരു അന്വേഷണത്തെ നടത്തുന്നുണ്ട്. ഈ അന്വേഷണത്തിലും സമാനമായ കണ്ടെത്തൽ തന്നെയാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തിന് ഇപ്പോൾ പോലീസിന്റെ ക്രൂരതയുടെ മുഖം പരിചിതമായി തുടങ്ങുകയാണ്. നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും പോലീസ് പഠിക്കുന്നില്ല എന്ന് വേണം പറയാൻ. അതിനുത്തമ ഉദാഹരണമാണ് ഇന്നലെ വൈകിട്ട് കണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത. മാവേലി എക്സ്പപ്രസിൽ വെച്ച് എഎസ്ഐ ആണ് യാതൊരു പ്രകോപനവും കൂടാതെ യാത്രക്കാരനെ മർദ്ദിച്ചത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആർ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്.

സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് മർദ്ദനമുണ്ടായത്.

യാത്രക്കാരൻ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ക്രൂരമായ. മർദ്ദനം കണ്ടതോടെ യാത്രക്കാർ ഇടപെട്ടു. എന്നാൽ യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം.

ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരൻ തന്നോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ ടിടിആർ വന്നാൽ മാത്രമേ ടിക്കറ്റ് കാണിക്കൂ എന്ന് താൻ പറഞ്ഞുവെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മദ്യപിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നിയമനടപടികളെടുക്കുകയാണ് വേണ്ടതെന്നിരിക്കെ ക്രൂരമായി മർദ്ദിക്കുകയാണ് പൊലീസുകാരൻ ചെയ്തതെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.

വടകര സ്റ്റേഷനിലാണ് ഇയാളെ ഇറക്കിവിട്ടുവെന്നാണ് യാത്രക്കാർ പറയുന്നത്. ഇയാളാരാണെന്ന് വ്യക്തത ലഭിച്ചില്ലില്ല. എന്നാൽ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്ഐഐ പ്രമോദ് വിശദീകരിക്കുന്നു.

യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പ്രമോദ് പറഞ്ഞു. ടിക്കറ്റില്ലാതെ മദ്യപിച്ചാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നാണ് എഎസ്ഐ പറയുന്നത്. സ്ത്രീകളുള്ള സ്ലീപ്പർ കംമ്പാർട്ട്മെൻറിൽ ഇരുന്ന ഇയാളെ എഴുന്നേൽപ്പിച്ചു. തുടർന്ന് വടകര സ്റ്റേഷനെത്തിയപ്പോൾ അവിടെ ഇറക്കിയെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്.

അതേസമയം യാത്രക്കാരനെ മർദ്ദിച്ച സംഭവം അന്വേഷണത്തിന് സ്പെഷൽ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തി. പൊലീസിനെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാര പരിധി ആർക്കാണെന്ന് പരിശോധിക്കും. മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ഉണ്ടായോ എന്നും പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. യാത്രക്കാരനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമല്ല. സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമല്ല.