കല്പറ്റ: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് പിടിയിൽ. കോടാലി ഷിജു എന്നറിയപ്പെടുന്ന അമരക്കുനി സ്വദേശി ഷിജു (44) വാണ് അറസ്റ്റിലായത്. പുല്പള്ളിയിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ട ഷിജു കല്പറ്റ, ബത്തേരി, കേണിച്ചിറ, പുല്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കർണാടകയിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ വൈകീട്ട് ആറരയോടെ പുല്പള്ളിയിൽ നിന്നാണ് ഷിജുവിനെ അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ നാലു വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന പ്രസീതയെ ഷിജു തന്നെയാണ് വിമാന ടിക്കറ്റടക്കം എടുത്തു നൽകി വിളിച്ചു വരുത്തിയത്. ഈ മാസം പത്തിനാണ് പ്രസീത നാട്ടിലെത്തിയത്. അതിനു ശേഷം കുടുംബമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയതിനു ശേഷം കഴിഞ്ഞ ദിവസമാണ് കല്പറ്റ അമ്പിലേരിയിലെ ആലക്കൽ അപ്പാർട്ട്‌മെന്റിലെ താമസ സ്ഥലത്തെത്തിയത്.
ബുധനാഴ്ച രാത്രി എട്ട് മണി വരെ ഷിജു വീട്ടിലുണ്ടായിരുന്നു. പിന്നീട് പുല്പള്ളിയിലെ വീട്ടിലേക്കു പോയി. അതിനു ശേഷം ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ ഭാര്യയുമായി വാക്കു തർക്കമായി. ഇതേത്തുടർന്ന് അമ്പിലേരിയിൽ തിരിച്ചെത്തിയ ഷിജു ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രസീതയ്ക്ക് തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ പ്രസീത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിയായ മകളും ആക്രമണം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നു. ഭാര്യയെ ആക്രമിച്ച് വാരിയെല്ലൊടിച്ചതിന് അഞ്ച് വർഷം മുൻപും ഷിജുവിന് നേരേ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, പൊലീസിനെ ആക്രമിക്കൽ, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് കൈവശം വെക്കൽ, ആനയെ വെടിവെച്ചുകൊന്ന കേസ് തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഷിജുവെന്ന് പൊലീസ് പറഞ്ഞു.
ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് രൂപവത്കരിച്ച ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘവും കല്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ പി പ്രമോദ്, പുല്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ എ അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഭാര്യയെ ആക്രമിച്ചതിൽ വധ ശ്രമത്തിന് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.