കണ്ണൂർ: സിപിഎമ്മിന് പരസ്യമായി മുന്നറിയിപ്പ് നൽകി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സിപിഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാമെന്ന ധാരണ വിലപ്പോവില്ലെന്ന് പന്ന്യൻ പറഞ്ഞു. സിപിഐയിലേക്ക് ഇനിയും ആളുകൾ വരുമെന്നും മനുഷ്യ ജീവനെടുക്കുന്നത് ഏത് പാർട്ടിയാണെങ്കിലും അത് കൊലയാളി പാർട്ടിയാണെന്നും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
തളിപ്പറമ്പിൽ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ളവർ സിപിഐയിൽ ചേർന്ന സാഹചര്യത്തിലാണ് പന്ന്യന്റെ പ്രതികരണം എത്തുന്നത്. സിപിഐയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്ന പാർട്ടി. ഈ പാർട്ടിയിലേക്ക് വരുന്ന ആളുകളെ ശരിപ്പെടുത്തിയേക്കാം എന്ന ധാരണ വിലപ്പോവില്ല. അടിക്ക് തിരിച്ചടി സിപിഐയിൽ ഇല്ല.
കൊലപാതകത്തെ നൂറ് ശതമാനം എതിർക്കുന്ന പാർട്ടിയാണ് സിപിഐ. ഒരു മനുഷ്യന്റെ ജീവനെടുക്കാൻ ആർക്കും അധികാരമില്ല. മനുഷ്യ ജീവനെടുക്കുന്നത് ഏത് പാർട്ടിയാണെങ്കിലും അത് രാഷ്ട്രീയ പാർട്ടി അല്ലെന്നും കൊലയാളി പാർട്ടിയാണെന്നും പന്ന്യൻ പറഞ്ഞു.