ന്യൂഡെൽഹി: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നു. ഇതുവരെ രാജ്യത്ത് 422 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതർ കൂടിയ സംസ്ഥാനങ്ങളിൽ നിയന്ത്രണവും കടുപ്പിച്ചു. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 108 പേരാണ് ഇവിടെ ഒമിക്രോൺ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രണ്ടാം സ്ഥാനത്ത് ഡെൽഹിയാണ്. 79 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ഏഴ് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു ഏർപ്പെടുത്തി. ഡെൽഹി, ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശും മഹാരാഷ്‌ട്രയുമാണ് ആദ്യം കർഫ്യൂ പ്രഖ്യാപിച്ചത്. അയൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ തിങ്കളാഴ്‌ച്ചമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് ഡെൽഹി സർക്കാർ ഇന്ന് അറിയിച്ചു.
രാത്രി 11 മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. ചൊവ്വാഴ്‌ച്ച മുതൽ കർണാടകയിലും രാത്രികാല കർഫ്യൂ നിലവിൽ വരും. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മഹാരാഷ്‌ട്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ പൊതുസ്ഥലത്ത് ഒത്തുകൂടാൻ പാടില്ല. പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ പുതുവത്സര പരിപാടികൾക്ക് മുംബൈയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇന്നലെ മുതലാണ് കർഫ്യൂ നിലവിൽ വന്നത്. ജനുവരി അഞ്ച് വരെയാണ് ഹരിയാനയിൽ രാത്രികർഫ്യൂ. യുപിയിലും രാത്രികർഫ്യൂ ജനുവരി അഞ്ച് വരെയാണ്. കർണാടകയില് ഡിസംബർ 28 മുതൽ പത്ത് ദിവസത്തേയ്‌ക്കാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.