കിഴക്കമ്പലത്തെ അക്രമം: പൊലീസ് അറസ്റ്റ് ചെയ്ത തൊഴിലാളികളുടെ സംസ്ഥാനങ്ങൾ വെറുതെ ഇരിക്കും എന്ന് കരുതണ്ട; മുന്നറിയിപ്പുമായി സാബു ജേക്കബ്ബ്

കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്. പൊലീസ് അറസ്റ്റ് ചെയ്ത 164 പേരിൽ 152 പേരെ മാത്രമേ കിറ്റക്സിന് തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവർ എവിടെ നിന്നാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്നും സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത തൊഴിലാളികളുടെ സംസ്ഥാനങ്ങൾ വെറുതെ ഇരിക്കും എന്ന് കരുതണ്ട. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ആണ് അറസ്റ്റ് ചെയ്തത്.

10, 11, 12 എന്നീ മൂന്നു കോട്ടേഴ്സിൽ നിന്നുള്ളവർ മാത്രമാണ് പ്രതികൾ എന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. പൊലീസിൻ്റേ നടപടിയിൽ ദുരൂഹതയുണ്ട്. ഇപ്പോൾ അറസ്റ്റിലായ 164 പേരിൽ 13 പേർ മാത്രമാണ് കുറ്റക്കാർ. കിറ്റക്സിനെയും ട്വൻറി20യെയും തന്നെയും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 40 പേരിൽ കുറഞ്ഞ ആളുകൾ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂ.

അറസ്റ്റിലായ തൊഴിലാളികൾക്ക് നിയമ സഹായം കിറ്റെക്സ് നൽകും. കുറ്റവാളികൾ എന്ന് കമ്പനി കണ്ടെത്തിയ 23 പേർക്ക് നിയമ സഹായം നൽകില്ല. പരിക്കേറ്റ പൊലീസുകാർക്ക് വേണ്ട ചികിത്സ സഹായം നൽകാൻ തയ്യാറാണ്. ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കമ്പനി കണ്ടെത്തിയ 10 പേരെ കൂടി പൊലീസിന് കൈമാറുന്നു.

അറസ്റ്റിലായവർ ഉപയോഗിച്ച ലഹരിമരുന്ന് ഏതെന്ന് കണ്ടെത്താൻ അപ്പോഴേ പരിശോധന നടത്തേണ്ടിയിരുന്നു. അതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു. തനിക്കെതിരെ കേസെടുക്കണമെന്ന ബെന്നി ബഹനാനന്റെ പ്രസ്താവനയോട് രൂക്ഷമായ രീതിയിലാണ് സാബു ജേക്കബ് പ്രതികരിച്ചത്. അയാൾ പറഞ്ഞ നിയമമനുസരിച്ച് ധൈര്യമുണ്ടെങ്കിൽ കേസ് എടുക്കട്ടെ എന്ന് സാബു ജേക്കബ് പറഞ്ഞു.