ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. കൊറോണ വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സിനേഷന് നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്.
കൊറോണ ആശങ്ക തുടരുന്നതിനൊപ്പം ഒമിക്രോണ്‍ ഭീതി കൂടി ആയതോടെയാണ് കേന്ദ്ര സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതില്‍ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളില്‍ 5 ശതമാനത്തിന് മുകളിലാണ് ടി പി ആര്.
രാജ്യത്ത് കൊറോണ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 400 ന് അടുത്തെത്തിയിട്ടുണ്ട്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ ഒന്നര മുതല്‍ മൂന്ന് ദിവസമാണ് എടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.