ലുധിയാന സ്‌ഫോടനം; ആക്രമണം നടത്തിയത് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനം നടത്തിയത് മുന്‍പൊലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടെത്തല്‍. ഗഗന്‍ദീപ് സിങ്ങ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നേരത്തെ ലഹരിമരുന്ന് കേസില്‍ ശിക്ഷയനുഭവിച്ചയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗഗന്‍ദീപിന്റെ മൃതദേഹം ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. 2019ല്‍ സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട ഇയാള്‍ രണ്ട് വര്‍ഷത്തോളം കാലം ജയിലില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്.

ഗഗന്‍ദീപിന്റെ സിം കാര്‍ഡും വയര്‍ലെസ് ഡോങ്കിളും ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. അതിന് ശേഷം ബന്ധുക്കളും മൃതദേഹം തിരിച്ചറിയുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഏജന്‍സികള്‍ക്കോ ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്കോ പങ്കുണ്ടെന്നതിനുള്ള ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍സിങ്ങ് ചന്നി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രണ്ടാം നിലയിലെ 14-ാം നമ്പര്‍ കോടതിക്കു സമീപമുള്ള ശുചിമുറിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സ്‌ഫോടനം നടന്നത്. ഇയാളുമായി ബന്ധമുള്ള എട്ട് പോലീസുകാരേയും ചോദ്യം ചെയ്തു. സ്‌ഫോടനത്തില്‍ കോടതി മുറിയുടെ രണ്ട്, മൂന്ന് നിലകളിലെ ഒട്ടേറെ ഭിത്തികളും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകളും തകര്‍ന്നിരുന്നു. നിരവധി ആളുകള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണു പലരെയും പുറത്തെടുത്തത്.

സംഭവത്തില്‍ പൊലീസിനു പുറമേ എന്‍ഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗുര്‍ദാസ്പുരില്‍ 2 ആഴ്ച മുന്‍പ് ഒരു കിലോ ആര്‍ഡിഎക്‌സുമായി ഏതാനും പേര്‍ പിടിയിലായിരുന്നു. സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടാവാമെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയിരുന്നു. മുഖ്യമന്ത്രി ചന്നിയും ഭീകരവാദ ബന്ധം ആരോപിച്ച് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു.