അന്ന് പി.ടി. തോമസിനെ കേട്ടിട്ടുപോലുമില്ലായിരുന്നു; പി ടിയാണ് രാഷ്ട്രീയക്കാരോടുള്ള മുൻവിധികളും അബദ്ധ ധാരണകളും മാറ്റിയത്; ആ ബഹുമാനവും സ്നേഹവും ആദരവും എന്നും നിലനിൽക്കും: ഡോ പ്രശാന്ത് യു ടി

തിരുവനന്തപുരം: മരിച്ചാലും ചിലർ എന്നും പലരുടെയും ഹൃദയങ്ങളിൽ ജീവിക്കും. അത് ചിലപ്പോൾ അവരുടെ നല്ല പ്രവർത്തികൾ കൊണ്ടാവാം. അതുപോലെയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി നമ്മോട് വിട പറഞ്ഞ കോൺഗ്രസ് നേതാവും എംഎൽയുമായ പി. ടി തോമസും. രാഷ്ട്രീയക്കാരോടുള്ള മുൻവിധികളും അബദ്ധ ധാരണകളും മാറ്റിയത് പിടിയാണെന്ന് ഏറ്റു പറഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ പ്രശാന്ത് യു. ടി . ജീവിതത്തിൽ ആദ്യമായി ഒരു രാഷ്ട്രീയക്കാരനോട് ബഹുമാനവും സ്നേഹവും ആദരവും തോന്നിയത് അന്നാണ് . അത് ഇന്നും നിലനിൽക്കുന്നു , എന്നും നിലനിൽക്കുമെന്ന് ഡോ പ്രശാന്ത് പറയുന്നു.

രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തൻ്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വം അയിരുന്നു അദേഹത്തിൻ്റെത്. ഇപ്പൊൾ അദ്ദേഹത്തിൻ്റെ ശക്തമായ പ്രവർത്തനങ്ങളിലൂടെ ആദിവാസി – ദരിദ്ര – പിന്നോക്ക ജനവിഭാഗങ്ങൾ അധിവസിക്കുന്ന ജനങ്ങൾക്ക് ഡോക്ടർമാരുടെ സേവനം നേടിക്കൊടുക്കാൻ സഹായിച്ച ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ഡോ പ്രശാന്ത് യു ടി തൻ്റെ കുറിപ്പിൽ

അദ്ദേഹത്തിൻ്റെ കുറിപ്പ്:

🌹ഇത് ഇപ്പോഴെങ്കിലും കുറിച്ചില്ലയെങ്കിൽ കാലം പൊറുക്കാത്ത കൃതഘ്നതയാകും ……

2000 ആണ്ടിന് മുൻപ് കേരളത്തിൽ ആദിവാസി – ദരിദ്ര – പിന്നോക്ക ജനവിഭാഗങ്ങൾ അധിവസിക്കുന്ന ദ്വീപുകൾ , മലയോര പ്രദേശങ്ങൾ എന്നി ദുർഘട മേഖലകളിൽ ദശാബ്ദങ്ങളായി ഡോക്ടർമാരുടെ തുടർ സേവനം ലഭ്യമല്ലായിരുന്നു .

ഈ ദുരവസ്ഥക്ക് പരിഹാരം കാണുവാനും ഏറ്റവും അവശരായ ജന വിഭാഗങ്ങൾക്ക് നിരന്തരമായ വൈദ്യസേവനം ഉറപ്പുവരുത്തുവാനും , 1996 ൽ കേരളത്തിലെ 70 ൽ പരം വരുന്ന ഇത്തരം പ്രദേശങ്ങളെ Difficult Rural Areas (DRA ) എന്ന് define ചെയ്ത് അവിടങ്ങളിൽ സേവനം അനുഷ്ഠിക്കുവാൻ തയ്യാറുള്ള ഡോക്ടർമാർക്ക് PG അഡ്മിഷന് പ്രത്യേക സീറ്റ് സംവരണം ചെയ്യുവാൻ ( DRA Quota ) സർക്കാർ തീരുമാനിച്ചു .

ഫലം അത്ഭുതാവഹമായിരുന്നു . അന്ന് സർവ്വീസിലുണ്ടായിരുന്ന ചിലരും പുതുതായി PSC appointment ലഭിച്ച ധാരാളം യുവ ഡോക്ടർമാരും DRA കളിൽ സേവനം അനുഷ്ഠിക്കുവാൻ മുന്നോട്ടു വന്നു .
DRA കളിലെ ഡോക്ടർ ക്ഷാമം പരിഹരിക്കപ്പെട്ടു .
DRA കളിലെ പതിത ജനങ്ങൾക്ക് വൈദ്യസേവനവും യുവഡോക്ടർമാർക്ക് PG അഡ്മിഷനും ലഭിച്ചു തുടങ്ങി .

ഇത് സർവ്വീസിലെ ചില സീനിയർ ഡോക്ടർമാർക്കും കുറെ പ്രബല സംഘടനാ നേതാക്കൾക്കും ദഹിച്ചില്ല . അവർ കുതന്ത്രങ്ങൾ മെനഞ്ഞു .

അധാർമ്മിക സ്വാധീനം ചെലുത്തി സംഘടനാ നേതാക്കളുടെ ബന്ധുക്കളും സിൽബന്തികളും ജോലിചെയ്യുന്നിടങ്ങളെ പുതുതായി DRA ആയി പ്രഖ്യാപിച്ച് അവർക്ക് DRA Quota യിൽ മുൻകാല പ്രാബല്യം നൽകി നിലവിലുള്ള യുവ ഡോക്ടർമാരുടെ PG അഡ്മിഷൻ അവസരം അട്ടിമറിക്കുക എന്നതായിരുന്നു അനുവർത്തിച്ച തന്ത്രം.

ഞാനും , Dr അപ്പു സിറിയക്കും അന്ന് എറണാകുളം ജില്ലയിലെ പിഴല എന്ന ദ്വീപിൽ ജോലിചെയ്യുന്നു . ഞങ്ങളുടെ MLA അന്ന് ആരോഗ്യ മന്ത്രിയാണ് . DRA എന്ന മാനവിക ആശയത്തെ തന്നെ തുരങ്കം വയ്ക്കുവാൻ സംഘടനാ നേതാക്കൾ തന്നെ നടത്തുന്ന കുതന്ത്രങ്ങൾ വ്യക്തമാക്കി മന്ത്രിക്ക് ഒരു നിവേദനം നൽകണമെന്ന് ധാർമ്മികരോഷം ആവേശിച്ച ഞങ്ങൾ തീരുമാനിച്ചു . ഫലം എന്തുമാകട്ടെ ; ഒരു നിവേദനം നൽകേണ്ട കാര്യമേയുള്ളൂ . അപ്പു ഡോക്ടറുടെ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്ത് അഡ്വ . ജെ. ജോസഫ്(ഇപ്പോൾ അമേരിക്കയിൽ സേവനം ചെയ്യുന്നു എന്നാണ് അറിഞ്ഞത് ) മന്ത്രിയെ കാണുവാൻ സഹായിക്കാമെന്ന് ഏറ്റു .

ഞാൻ നിവേദനവുമായി രാവിലെ തിരുവനന്തപുരതെത്തി . മന്ത്രി സ്ഥലത്തില്ല . വൈകീട്ടേ എത്തുകയുള്ളൂ . മന്ത്രിമന്ദിരത്തിൽ വേണ്ട ഏർപ്പാടുകൾ ചെയ്ത് ജെ.ജോസഫ് പോയി . 5 മണിയോടെ തിരിച്ചെത്തിയ മന്ത്രി ക്ഷീണമാണ് എന്ന് പറഞ്ഞ് കാണുവാനോ നിവേദനം വാങ്ങുവാനോ തയ്യാറായില്ല .

ദു:ഖിതനും നിരാശനുമായ ഞാൻ ജെ. ജോസഫിനെ വിളിച്ചു . നേരം ഇരുളുന്നു . എനിക്ക് ഇന്ന് തന്നെ തിരിച്ചു പോവുകയും വേണം . 7 മണിയോടെ MLA quarters ൽ കാണാമെന്ന് ജോസഫ് പറഞ്ഞു . ഞാൻ ചെന്നു . നാലഞ്ച് ഖദർ ധാരികൾ അവിടെയുണ്ടായിരുന്നു . ജെ.ജോസഫിനോട് കാര്യം പറഞ്ഞു . മന്ത്രിക്കു നൽകാനുള്ള നിവേദനം ജോസഫിനെ ഏൽപ്പിച്ചു . പരിക്ഷീണനായ ഞാൻ അടുത്ത ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് രാത്രി എട്ടരയോടെ തമ്പാനൂർ സ്റ്റാന്റിലെത്തി .

എറണാകുളത്തേക്കുള്ള ബസ് കാത്ത് നിൽക്കുമ്പോൾ ഒരു ഫോൺകാൾ . ഞാൻ പി.ടി. തോമസ് എം എൽ എ യാണ് . ജെ ജോസഫിന്റെ പക്കൽ നിങ്ങളേൽപ്പിച്ച നിവേദനം ഞാൻ വായിച്ചു . എനിക്കീ വിഷയത്തിൽ താത്പര്യം തോന്നുന്നു . ഡോക്ടർ തിരുവനന്തപുരം വിട്ടിട്ടില്ലയെങ്കിൽ നേരിൽ സംസാരിക്കണം , കൂടുതൽ അറിയാനുണ്ട് .

പി.ടി. തോമസ് നെപറ്റി അജ്ഞാനിയായ ഞാൻ കേട്ടിട്ടുപോലുമില്ലായിരുന്നു . ഞാൻ ചെന്നു , അദ്ദേഹത്തെ കണ്ടു . രാത്രി 9 മുതൽ 1 മണി വരെ നാലുമണിക്കൂറോളം അദ്ദേഹം എന്നോട് സംസാരിച്ചു , ചോദ്യം ചെയ്തു , സംശയങ്ങൾ ചോദിച്ചു , വിഷയം മനസ്സിലാക്കി . എനിക്ക് പലപ്പോഴും ഉറക്കം വരുന്നുണ്ടായിരുന്നു . അദ്ദേഹം ഊർജ്ജസ്വലനായിരുന്നു . ജനങ്ങളുടെ വിഷയമാണ് , തന്നാൽ പറ്റാവുന്നത് ചെയ്യാമെന്ന് പറഞ്ഞ് എന്നെ യാത്രയാക്കി .

പി.ടി തോമസ് വിഷയം അദ്ദേഹം അംഗമായ നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയിൽ അവതരിപ്പിച്ചു . മാസങ്ങളോളം follow up നടത്തി . അനുകൂല ശുപാർശകളോടെ തീരുമാനമാക്കി , ഗസറ്റ് വിജ്ഞാപനമിറക്കി , റിപോർട്ട് സർക്കാരിന് സമർപ്പിച്ചു .

സംഘടനയാൽ ചതിക്കപ്പെട്ട DRA ഡോക്ടർമാർ ഹൈക്കോടതിയിൽ നടത്തിയിരു൬ കേസിൽ പി.ടി തോമസ് തീരുമാനമാക്കിയ സബ്ജക്ട് കമ്മിറ്റി റിപോർട്ട് പ്രബലമായ തെളിവായി . കേസ് DRA ഡോക്ടർമാർക്ക് അനുകൂലമായി വിധിച്ചു .

കേരള സംസ്ഥാനത്തിൽ ദളിതരും ആദിവാസികളും മുക്കുവരും അടങ്ങുന്ന അവഗണിക്കപ്പെട്ട ജനവിഭാഗങ്ങൾ അധിവസിക്കുന്ന Difficult Rural Area കളിൽ നിരന്തരമായ ഡോക്ടർ സേവനം ഉറപ്പു വരുത്തിയത് ഈ ഹൈക്കോടതി വിധി കൂടിയാണ് .

ഈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വർഷങ്ങളോളം DRA qouta അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് കേരളത്തിൽ PG അഡ്മിഷനുകൾ നടന്നത് .

സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മന്ത്രി ആട്ടിപ്പുറത്താക്കിയപ്പോൾ പരമ ദൈന്യരായ ജനങ്ങളുടെയും അവർക്കിടയിൽ സേവനം ചെയ്യുന്ന ഡോക്ടർമാരുടെയും വിഷയം വിധിവശാൽ ഏറ്റെടുത്തത് അതുവരെ അറിയാത്ത പി.ടി യാണ് .

രാഷ്ട്രീയക്കാരോടുള്ള മുൻവിധികളും അബദ്ധ ധാരണകളും മാറിയത് അന്നാണ് . ജീവിതത്തിലാദ്യമായി ഒരു രാഷ്ട്രീയക്കാരനോട് ബഹുമാനവും സ്നേഹവും ആദരവും തോന്നിയത് അന്നാണ് . അത് ഇന്നും നിലനിൽക്കുന്നു , എന്നും നിലനിൽക്കും .

ആദരാഞ്ജലികളോടെ .
ഡോ പ്രശാന്ത് യു ടി
ഫിസിഷ്യൻ
എറണാകുളം ജനറൽ ആശുപത്രി