ന്യൂഡെൽഹി: കൊറോണ വൈറസിൻ്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം. ഒമിക്രോൺ വകഭേദത്തിനു ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാർ റൂമുകൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേശഷ് ഭൂഷൺ നിർദേശം നല്കി.
രാത്രികർഫ്യൂ പോലെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, വലിയ ജനക്കൂട്ടം ഒഴിവാക്കുക, വിവാഹങ്ങൾക്കും മരണത്തിനും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക, പരിശോധന കൂട്ടുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം നല്കിയിട്ടുള്ളത്. പ്രാദേശിക അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും തയാറെടുപ്പുകൾ ക്രമീകരിക്കാനാണു നിർദേശം.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 10 ശതമാനമോ അതിൽ കൂടുതലോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അല്ലെങ്കിൽ ഐസിയു കിടക്കകളിൽ 40 ശതമാനത്തിൽ അധികം രോഗികൾ ഉള്ള സ്ഥലങ്ങളിലും കർശനനിയന്ത്രണം വേണം. കൊറോണ പോസിറ്റീവ് ആകുന്നവരുടെ സമ്പർക്കപ്പട്ടിക തയാറാക്കണം.
ക്ലസ്റ്റർ അണുബാധകളിൽ നിന്നുള്ള സാമ്പിളുകൾ ഉടൻ തന്നെ ജനിതക ശ്രേണീകരണത്തിനായി ലാബുകളിലേക്ക് അയയ്ക്കണമെന്നും ആരോഗ്യമന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നു.