ലഖ്നൗ: സ്ത്രീകളുടെ വിവാഹപ്രായം 21-ആക്കി ഉയർത്തുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ ക്ഷേമത്തിനായുള്ള സർക്കാരിന്റെ സംഭാവനകൾ മോദി ഉയർത്തിക്കാണിച്ചു. കേന്ദ്രസർക്കാരിന്റേത് നിർണായക ചുവടുവെപ്പാണ്.
മുൻപ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സായിരുന്നു. എന്നാൽ പെൺകുട്ടികൾക്ക് പഠനത്തിന് കൂടുതൽ സമയം ആവശ്യമുണ്ട്. അതിനാലാണ് ഞങ്ങൾ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത്, മോദി പറഞ്ഞു. വിവാഹപ്രായം ഉയർത്തുന്നതിനെ ചിലർ എതിർക്കുന്നത് സ്ത്രീകൾ കാണുന്നുണ്ടെന്നും ഒരു പാർട്ടിയുടെയും പേരു പരാമർശിക്കാതെ മോദി കൂട്ടിച്ചേർത്തു. രണ്ടുലക്ഷത്തിലധികം വനിതകൾ മോദിയുടെ പരിപാടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
ഇതിനിടെ, പ്രതിപക്ഷ എതിർപ്പിനിടെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിൻറെ ഭാഗമായി പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികളും സാമൂഹിക സംഘടനകളും പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. സമാജ്വാദി പാർട്ടിയിൽനിന്നുള്ള രണ്ട് എം.പിമാരും കോൺഗ്രസ്, സി.പി.എം. നേതാക്കളും വിവാഹപ്രായം ഉയർത്തുന്ന ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം. സമാജ്വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ് വിഷയത്തിൽനിന്ന് അകലം പാലിച്ചാണ് നിൽക്കുന്നത്. സമാജ്വാദി പാർട്ടി പുരോഗമന പാർട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.