കൊച്ചി: കൊല്ലം തെന്മലയിൽ പരാതിക്കാരനെ പൊലീസ് മർദ്ദിച്ച സംഭവം സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തതിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകുന്നു എന്നും കോടതി ചോദിച്ചു.
സി.സി.ടിവി ദൃശ്യങ്ങൾ ഇല്ലെന്നു മുൻപ് പറഞ്ഞ പൊലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല. എന്ത് അടിസ്ഥാനത്തിൽ ആണ് ഇത്തരം റിപോർട്ടുകൾ കോടതിക്ക് നൽകുന്നത്. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ എന്നും കോടതി പറഞ്ഞു.
ഉറുകുന്ന് ഇന്ദിരാ നഗറിൽ രാജീവൻ നൽകിയ ഹർജിയിലാണ് വിമർശനം. പരാതിക്ക് രസീത് ചോദിച്ചതിന് സിഐ കവിളത്ത് അടിക്കുകയും വിലങ്ങിടീച്ച് കൈവരിയിൽ കെട്ടിയിടുകയും ചെയ്തു എന്നാണ് പരാതി.