മുംബൈ: അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബോളിവുഡ് നടി ഐശ്വര്യ റായിയെ എൻഫോഴ്സ്മെന്റ്’ വിട്ടയച്ചു. നികുതി വെട്ടിപ്പു ലക്ഷ്യമിട്ടുള്ള വിദേശ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. വിദേശ നാണ്യ വിനിമയ നിയന്ത്രണ നിയമം അഥവാ ഫെമയും ഇതിനോടൊപ്പം ചർച്ചയാകുകയാണ്.
വിദേശത്തു നിയമവിരുദ്ധമായി നിക്ഷേപിച്ചിട്ടുള്ളതിന്റെ മൂല്യത്തിന്റെ അത്രയും സ്വത്തുക്കൾ പിടിച്ചെടുക്കാൻ ഏജൻസിക്ക് അധികാരം നൽകുന്ന നിയമമാണിത്. കുറ്റവാളിക്കെതിരെ ക്രിമിനൽ നടപടിയും സ്വീകരിക്കാനാകും. ഫെമ നിയമം ലംഘിക്കുന്നതു ക്രിമിനൽ കുറ്റമല്ല, എന്നാൽ കുറ്റം ചെയ്തെന്നു തെളിയിക്കപ്പെട്ടാൽ നിയമം ഉപയോഗിച്ചു ഐശ്വര്യ റായിയെ കുരുക്കിലാക്കാൻ ഇഡിക്കു സാധിക്കും.
എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് നടി ഐശ്വര്യ റായി. രാജ്യത്തിനു പുറത്തുള്ള സ്വത്തുക്കളുമായി’ ബന്ധപ്പെട്ട ഫെമ 37 എ സെക്ഷൻ പ്രകാരമാണ് ഐശ്വര്യയെ ഇഡി കഴിഞ്ഞ് ദിവസം ചോദ്യം ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ വലിയ ശിക്ഷകളാണു നിയമപ്രകാരം കുറ്റവാളിക്കു ലഭിക്കുക. വിദേശത്തുള്ള സ്വത്തിന്റെ അത്രയും മൂല്യത്തിലുള്ള സ്വത്തുകൾ നാട്ടിൽ കണ്ടുകെട്ടാം, നിയമലംഘനം എത്രത്തോളം നടന്നോ ” അതിന്റെ മൂന്നിരട്ടിയോളം തുക പിഴയായി വിധിക്കാനും സാധിക്കും. നടിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞാലുണ്ടായേക്കാവുന്ന നടപടികളാണിത്.
ബ്രിട്ടിഷ് വെർജിൻ ഐലൻഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യാന്തര ‘കമ്പനിയുമായുള്ള ബന്ധത്തെച്ചൊല്ലിയാണു ബോളിവുഡിലെ പ്രബലരായ ബച്ചൻ കുടുംബാംഗത്തെ ഇഡി വിളിച്ചുവരുത്തിയത്. അമിക് പാർട്ണേഴ്സ് ലിമിറ്റഡ് കമ്പനിയുമായി നടിക്കു ബന്ധമുണ്ടെന്നായിരുന്നു ആരോപണം. തിങ്കളാഴ്ച ഇഡിയുടെ ഡൽഹി സോണൽ ഓഫിസ് ജാംനഗര്‍ ഹൗസിലെത്തിയ ഐശ്വര്യ രാത്രിയോടെയാണു മടങ്ങിയത്. അനധികൃത വിദേശ നിക്ഷേപങ്ങൾ സംബന്ധിച്ച 2016ലെ ‘പാനമ രേഖകളി’ലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 2017ൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണു നടിയെ വിളിച്ചു വരുത്തിയത്. മുൻപ് രണ്ടു തവണ നടിക്കു നോട്ടിസ് നൽകിയിരുന്നെങ്കിലും നടി ഹാജരായില്ല. പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയ നടി വിദേശ ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി. പാനമ പേപ്പർ വെളിപ്പെടുത്തലിൽ 300 ഇന്ത്യക്കാരുടെ വിദേശനിക്ഷേപ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണുള്ളത്.
ബ്രിട്ടിഷ് വെർജിൻ ദ്വീപിലെ കമ്പനിയിൽ 2005 മുതൽ 2008 വരെ ഐശ്വര്യ നടത്തിയ ‘ നിക്ഷേപങ്ങളാണ് ഇഡി പരിശോധിക്കുന്നത്. കമ്പനിയുടെ ഡയറക്ടർ പദവി ഐശ്വര്യ വഹിച്ചിരുന്നുവെന്നാണു വിവരം. നിക്ഷേപങ്ങളിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുന്നു. 2004 ഒക്ടോബർ 28നാണ് കമ്പനി റജിസ്റ്റർ ചെയ്തതെന്നാണു വിവരം. നിലവിൽ അടച്ചുപൂട്ടിയ അവസ്ഥയിലാണ്. കമ്പനിയുടെ നാല് ഡയറക്ടർമാരിൽ ഒരാൾ ഐശ്വര്യയാണെന്നാണു വിവരം.
ഐശ്വര്യയുടെ പിതാവ്, മാതാവ്, സഹോദരൻ എന്നിവർ മറ്റു ഡയറക്ടർമാർ. ഇതു സംബന്ധിച്ചു രേഖകളും ഇഡിയുടെ കൈവശമുണ്ട്. നിലവില്‍ ഐശ്വര്യയെ വിളിപ്പിച്ച കേസിന് ബച്ചന്‍ കുടുംബവുമായി ബന്ധമില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഐശ്വര്യയുടെ ഭർത്താവും നടനുമായ അഭിഷേക് ബച്ചനെ കുറച്ചു മാസങ്ങൾക്കു മുൻപ് ഇഡി ചോദ്യം ചെയ്തിരുന്നു. ഡൽഹി ഓഫിസിലാണ് അഭിഷേകും ഹാജരായത്.
ഇഡി കേസ് കോടതിയിലെത്തിയാൽ ജയിൽ വാസമുള്‍പ്പെടെ ലഭിക്കാൻ 37 എ പ്രകാരം വകുപ്പുണ്ട്. നിർദേശിച്ച സമയത്തിനുള്ളിൽ പിഴ അടയ്ക്കാൻ പ്രതിക്കു സാധിച്ചില്ലെങ്കിലും പ്രതിയെ തടവിലിടാം. ഇഡി ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്യുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. കൂടുതൽ വിവരങ്ങൾ ഇഡിക്ക് ആവശ്യമെങ്കിൽ നടിയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും.
നടി മൊഴി നൽകിയ സാഹചര്യത്തിൽ പാനമ പേപ്പറിലെ കണ്ടെത്തലുകളും ആരോപണങ്ങളും വീണ്ടും ചർച്ചയായേക്കും. 2016 ലാണ് പാനമ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലോകത്തെ സമ്പന്നർ നികുതിവെട്ടിപ്പ് ലക്ഷ്യമിട്ടു കടലാസു കമ്പനികളുണ്ടാക്കി വിദേശരാജ്യങ്ങളിൽ നിക്ഷേപം നടത്തിയെന്ന വിവരമാണു ഇതിലൂടെ പുറത്തായത്.