ന്യൂഡെൽഹി: രാജ്യത്ത് കൊറോണവൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേരിയ. രാജ്യത്ത് കൊറോണ മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത തള്ളാൻ കഴിയാത്ത അവസ്ഥയിൽ എന്തിനും തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ യൂറോപ്പിലേതുപോലെ വഷളാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും എന്നാൽ എന്തെങ്കിലും തരത്തിലുള്ള സ്ഥിരീകരണത്തിലേക്ക് എത്താൻ കൂടുതൽ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ നിലവിൽ ഒമിക്രോൺ കേസുകളുടെ എണ്ണം 170 ആയി ഉയർന്നിട്ടുണ്ട്. കർണാടകയിൽ അഞ്ച്, ഗുജറാത്തിൽ നാല്, ഡെൽഹിയിൽ ആറ്, കേരളത്തിൽ നാല് എന്നിങ്ങനെയാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. നിലവിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 54 പേരാണ് നിലവിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്. ഡെൽഹിയിൽ 28 പേർക്കാണ് രോഗം ബാധിച്ചത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് മഹാരാഷ്ട്ര (54), ഡെൽഹി (28), തെലങ്കാന (20), രാജസ്ഥാൻ (17), കർണാടക (19), കേരളം (15), ഗുജറാത്ത് (11), ഉത്തർപ്രദേശ് (2), ആന്ധ്രാപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്നാട് (1), പശ്ചിമബംഗാൾ (1) എന്നിങ്ങനെയാണ് ഒമിക്രോൺ രോഗികളുടെ എണ്ണം. സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ലോകരാജ്യങ്ങളിൽ യു.കെയിലാണ് ഒമിക്രോൺ കേസുകൾ കൂടുതൽ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 12,133 പേർക്ക് യു.കെയിൽ രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ മൊത്തം ഒമിക്രോൺ രോഗികളുടെ എണ്ണം 37,101 ആയി ഉയർന്നു.