മന്ത്രി വീണാ ജോര്‍ജിന് എതിരേ വീണ്ടും അപകീർത്തിപരമായ വീഡിയോ; ക്രൈം നന്ദകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി

കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ ക്രൈം നന്ദകുമാറിന്റെ ജാമ്യം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കിയതോടെ വീണ്ടും അറസ്‌റ്റ്‌ ഭീഷണിയിലായി. ജാമ്യത്തിലിറങ്ങിയശേഷം നന്ദകുമാര്‍ മറ്റൊരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇത്‌ അപകീര്‍ത്തികരമാണെന്നു കാട്ടി വീണ്ടും നന്ദകുമാറിനെതിരേ കേസ്‌ ഫയല്‍ ചെയ്‌തു. ഈ കേസ്‌ കോടതിയില്‍ ചൂണ്ടിക്കാട്ടിയാണു ജാമ്യം റദ്ദാക്കിച്ചത്‌.

ജാമ്യത്തിലിരിക്കുമ്പോള്‍ മറ്റൊരു കേസില്‍പ്പെടുന്നത്‌ ജാമ്യം റദ്ദാകാന്‍ ഇടയാകുമെന്നതിനാലാണിത്‌. ജാമ്യം റദ്ദാക്കിയതിനെതിരേ നാളെ നന്ദകുമാര്‍ ജില്ലാകോടതിയെ സമീപിക്കുമെന്ന്‌ അഭിഭാഷക അറിയിച്ചു. ജാമ്യം റദ്ദായശേഷം നന്ദകുമാറിനെ തേടി പോലീസ്‌ ഓഫീസിലും വീട്ടിലുമെത്തിയെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ നവംബര്‍ 30 നാണ്‌ നന്ദകുമാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ടു ദിവസം പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ട ശേഷം പിന്നീട്‌ ജയിലില്‍ അടച്ചു. തുടര്‍ന്നാണ്‌ ജാമ്യം നേടിയത്‌. ജാമ്യത്തിലിറങ്ങിയ നന്ദകുമാര്‍ ഹൈക്കോടതിയില്‍ പോലീസിനെതിരേ ഹര്‍ജി നല്‍കിയിരുന്നു.