ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പേർ കസ്റ്റഡിയിൽ. കൊലപാതകം ചെയ്തവർ എത്തിയത് ആംബുലൻസിൽ ആണെന്നാണ് വിവരം. എസ്‍ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസ് പൊലീസ് പരിശോധിക്കുകയാണ്.
പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. ഇതിന്‍റെ പ്രതികാരം എന്ന നിലയില്‍ ആയിരിക്കാം ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. അതേ സമയം ആലപ്പുഴയെ നടുക്കി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇത് ജില്ലയിലെ ക്രമസമാധാന നിലയെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും ഉണ്ട്.