ടോക്കിയോ: മനോരോഗ ക്ലിനിക്കിലുണ്ടായ തീപിടിത്തതിൽ 27 പേർ മരിച്ചു. ജപ്പാനിലെ ഒസാക ജില്ലയിലെ തിരക്കേറിയ വാണിജ്യ കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടിത്തം. സംഭവത്തിൽ പൊള്ളലേറ്റ 28ൽ 27 പേരും മരിച്ചതായി ഒസാക അഗ്നിശമന വിഭാഗം അറിയിച്ചു.
തീവെച്ചതാണോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. 60 വയസ്സ് തോന്നിക്കുന്നയാൾ ദ്രാവകം നിറച്ച ബാഗുമായി ക്ലിനിക്കിലെത്തി ഹീറ്ററിലേക്ക് തളിച്ചതിനെ തുടർന്നാണ് തീപടർന്നതെന്ന് റിപ്പോർട്ടുണ്ട്. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ലിനിക്കിലെ ഡോക്ടർ അടക്കമുള്ളവർ മരിച്ചതായാണ് സൂചന. മകനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ഇയാളുടെ പിതാവ് അറിയിച്ചു. അതേസമയം, കെട്ടിടത്തിലെ മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചിട്ടില്ല. തീപിടത്തമുണ്ടായ അര മണിക്കൂറിനുള്ളിൽ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചു.