ദത്ത് കേസ്; പൊലീസ് അന്വേഷണം ശരിയായി നടക്കുന്നില്ല; കുറ്റക്കാർക്കെതിരെ നടപടിയില്ലെങ്കിൽ മന്ത്രി വീണ സ്ഥാനത്ത് തുടരാൻ അർഹതയില്ല: അനുപമ

തിരുവനന്തപുരം: ദത്ത് കേസിൽ പൊലീസ് അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് സമരസമിതി. കുറ്റക്കാർക്ക് എതിരെ അന്വേഷണം നടക്കുന്നില്ലെന്ന് സമരസമിതി ആരോപിച്ചു. വനിതാ ശിശുക്ഷേമ ഡയറക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകുന്നില്ല. ശിശുക്ഷേമ സമിതി കുടുംബകോടതിയെ കബളിപ്പിച്ചെന്നും അനുപമ ആരോപിച്ചു.

കോടതിയിൽ സമർപ്പിച്ചത് കൊല്ലം കേന്ദ്രത്തിന്റെ അഡോപ്ഷൻ ലൈസൻസ് ആണെന്നും തിരുവനന്തപുരം കേന്ദ്രത്തിന് ഉള്ളത് ഓർഫനേജ് രജിസ്‌ട്രേഷൻ ലൈസൻസ് മാത്രമാണെന്നും സമരസമിതി ആരോപിക്കുന്നു. തിരുവനന്തപുരം കേന്ദ്രത്തിന് അഡോപ്ഷൻ ലൈസൻസ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും അനുപമ ആവശ്യപ്പെട്ടു.

കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മന്ത്രി വീണ സ്ഥാനത്ത് തുടരാൻ അർഹതയില്ല. രേഖകളിൽ കൃതിമം കാണിക്കാൻ മന്ത്രി കൂട്ട് നിന്നുവെന്നും സമരസമിതി ആരോപിച്ചു. കോടതിയെ ഗവ പ്ലീഡർ തെറ്റുധരിപ്പിച്ചു. മേൽകോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്നും സമരസമിതി അറിയിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും തന്റെ മൊഴി എടുത്തിട്ടില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാ പ്രദേശിൽ നിന്നുള്ള ദമ്പതികളായിരുന്നു അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത്. ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേതുമാണെന്ന് വ്യക്തമായി. ഇതോടെ കുഞ്ഞിനെ അനുപമയ്ക്ക് കോടതിയിടപെട്ട് വിട്ടുനൽകി. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെന്ന ആവശ്യത്തിൽ അനുപമ ഉറച്ച് നിൽക്കുകയാണ്.

വനിത ശിശുവികസന ഡയറക്ടർ ടി വി അനുപമയുടെ റിപ്പോർട്ടിൽ ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയുണ്ടാകുമോയെന്നതിൽ വ്യക്തതയില്ല.