തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരമെന്ന് സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടും ഒരുമാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്ന് ഉടമകള്‍ കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ പറഞ്ഞു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബര്‍ ആദ്യവാരം തന്നെ ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണ്.
എന്നിട്ടും ബസ് ചാർജ് വർധനയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഒരു മാസത്തിനുളളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു. ഒന്നും നടക്കാതെ വന്നതോടെയാണ് അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചതെന്നും ബസ് ഉടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.