ഒമിക്രോൺ കൊറോണയുടെ ഡെൽറ്റ വകഭേദത്തെക്കാൾ 70 മടങ്ങ് വേഗത്തിൽ വ്യാപിക്കുന്നുവെന്ന് കണ്ടെത്തൽ

ന്യൂഡെൽഹി: കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയതോടെ രാജ്യം കൂടുതല്‍ ജാഗ്രതയിലാണ്. ഡെൽറ്റ വകഭേദത്തെക്കാൾ 70 മടങ്ങ് വേഗത്തിൽ ഒമിക്രോൺ വകഭേദം പടരുന്നതായാണ് പുതിയ പഠനം പറയുന്നത്. ഹോങ് കോങ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

വൈറസിന്‍റെ മറ്റു വകഭേദങ്ങളെ വച്ച് നോക്കുമ്പോള്‍ വളരെ വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നത്. എന്നാൽ ഇത് ശ്വാസകോശത്തെ ബാധിക്കുന്നതിന്റെ തീവ്രത കുറവാണെന്നും ഗവേഷകർ പറയുന്നു. കൊറോണ വൈറസിന്‍റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെ ഗവേഷകർ താരതമ്യം ചെയ്യുകയായിരുന്നു.

രോഗബാധയുണ്ടായി 24 മണിക്കൂറിനുള്ളിൽ ഒമിക്രോൺ, ഡെൽറ്റയെക്കാൾ 70 മടങ്ങ് കൂടുതൽ പകർപ്പുകളുണ്ടാക്കുന്നുണ്ട്. ശ്വാസകോശത്തിൽ യഥാർഥ കൊറോണ വൈറസുകളെക്കാൾ 10 മടങ്ങ് കുറവ് പകർപ്പുകളാണ് ഒമിക്രോൺ സൃഷ്ടിക്കുന്നത് എന്നാണ് ഗവേഷകരുടെ നിരീക്ഷണം.

എന്നാല്‍ പകർപ്പുകളെയുണ്ടാക്കാനുള്ള വൈറസിന്‍റെ കഴിവിനെക്കാൾ പ്രതിരോധശേഷി ഉൾപ്പെടെയുള്ള ഘടകങ്ങളാണ് കൊറോണയെ പ്രതിരോധിക്കുന്നതിൽ പ്രധാനമെന്ന് പഠനത്തിന് നേതൃത്വം നൽകിയ അസോസിയേറ്റ് പ്രൊഫസർ മൈക്കിൾ ചാൻ ചി വായ് പറഞ്ഞു.

മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമിക്രോൺ എന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ട്രെഡ്രോസ് അഥനോം ​ഗെബ്രിയേസസും നേരത്തെ വ്യക്തമാക്കിയിരുന്നു