സ്ത്രീകളെ പശുക്കളായി പരസ്യത്തിൽ ചിത്രീകരിച്ച് ഡയറി സ്ഥാപനം; പരസ്യം വൈറലായി, വ്യാപക പ്രധിഷേധവും

സിയോൾ: സ്ത്രീകളെ പശുക്കളായി പരസ്യത്തിൽ ചിത്രീകരിച്ച ദക്ഷിണ കൊറിയയിലെ ഡയറി സ്ഥാപനത്തിന് എതിരേ വ്യാപക പ്രധിഷേധം. സോള്‍ മില്‍ക്ക് എന്ന സ്ഥാപനമാണ് തങ്ങളുടെ പരസ്യത്തിനായി സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്. പുഴയുടെ തീരത്തുകൂടി ക്യാമറയുമായി നടക്കുന്ന ആളെയാണ് പരസ്യത്തില്‍ ആദ്യം കാണുന്നത്.

ക്യാമറയുമായുള്ള നടത്തത്തിനിടെയാണ് വെളുത്ത വസ്ത്രമണിഞ്ഞ ഒരു കൂട്ടം സ്ത്രീകള്‍ യോഗ ചെയ്യുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ കാമറാമാൻ കാണുന്നത്. രഹസ്യമായി ഈ സ്ത്രീകളെ അയാള്‍ ക്യാമറയില്‍ ചിത്രീകരിക്കുന്നതിനിടെ ഒരു ഉണങ്ങിയ മരക്കമ്പില്‍ ചവിട്ടുന്നു. ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ സ്ത്രീകളുടെ കൂട്ടത്തില്‍നിന്നൊരാള്‍ ക്യാമറയുമായി നില്‍ക്കുന്ന ആളെ കാണുന്നു. അടുത്ത ഷോട്ട് മുതൽ ഈ സ്ത്രീകളെല്ലാം പശുക്കളായി നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിലൂടെ തങ്ങളുടെ ഉത്പന്നങ്ങളില്‍ കൃത്രിമമില്ലെന്ന് കാണിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ സോള്‍ മില്‍ക്ക് പരസ്യം പിന്‍വലിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അപ്പോഴേക്കും ഈ പരസ്യം വൈറലായിരുന്നു. സ്ത്രീകളെ മോശമായി കാണിച്ചുഎന്നതിനു പുറമെ അനുവാദമില്ലാതെ എങ്ങനെയാണ് ഒരാളുടെ ചിത്രങ്ങളും വീഡോയോകളും ചിത്രീകരിക്കാനാകുക എന്ന തരത്തിലുള്ള ചര്‍ച്ചകളും ദക്ഷിണ കൊറിയയില്‍ ഉയര്‍ന്നു.

സോള്‍ മില്‍ക്കിന്റെ മാതൃസ്ഥാപനമായ സോള്‍ ഡയറി കോ-ഓപ്പറേറ്റീവ് മാപ്പുപറഞ്ഞും രംഗത്തെത്തി. നവംബര്‍ 29-ന് പുറത്തുവിട്ട പരസ്യത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഈ വിഷയം ഗൗരവപരിഗണിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതായിരിക്കും. മാപ്പ് ചോദിച്ചുകൊണ്ട് തലകുനിക്കുന്നു- സോള്‍ ഡയറി കോ-ഓപ്പറേറ്റീവ് പറഞ്ഞു. മുമ്പും സമാനമായ രീതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യം സോള്‍ മില്‍ക്ക് പുറത്ത് വിട്ടിരുന്നു. 2003-ല്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി ചിത്രീകരിച്ച പരസ്യത്തില്‍ നഗ്നരായ സ്ത്രീകള്‍ തൈര് ദേഹത്ത് സ്പ്രേ ചെയ്യുന്നതായിരുന്നു കാണിച്ചതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമമായ കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.