പെരുമ്പാവൂർ: കാലടി ശ്രീശങ്കര പാലത്തിന്‍റെ കാലപ്പഴക്കം മൂലമുള്ള ബലക്ഷയത്തിന്റെ തോത് മനസിലാക്കുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുന്നു. പാലത്തിൽ ഗതാഗതം നിരോധിച്ചതോടെ തിരക്കേറിയ എംസി റോഡിലെ വാഹനങ്ങളെ ഉൾക്കൊള്ളാൻവേണ്ട ഇടമില്ലാതെ വൻഗതാഗത കുരുക്കാണ്. പാലത്തിലെ ഓരോ സ്പാനിനും എത്രകണ്ട് ഭാരം വഹിക്കാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തുന്ന പ്രവൃത്തിയാണ് ബുധനാഴ്ച നടന്നത്. അതിനായി പാലത്തിനു കുറുകേ ഡ്രില്ലർ മെഷീൻ ഉപയോഗിച്ച് തോടുകീറി ടാറിങ് നീക്കംചെയ്തു.
അതിനുശേഷം എക്സ്പാൻഷൻ ജോയിന്റുകൾ വൃത്തിയാക്കി. പഴയ നിർമിതിയായതിനാലും പലവട്ടം ടാറിങ് നടന്നുപോയിട്ടുള്ളതിനാലും സ്പാനുകൾ കൂടിച്ചേർന്നിരിക്കുകയായിരുന്നു. ഇവ വേർപെടുത്തിയ ശേഷം ടൺകണക്കിനുള്ള ഭാരവാഹനങ്ങൾ കയറ്റി കുലുക്കം നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. പാലത്തിനടിയിലും മുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കുലുക്കത്തിന്റെ തോത് മനസ്സിലാക്കാനുള്ള സംവിധാനത്തിലൂടെ വിദഗ്ദ്ധസംഘം പരിശോധിച്ചുവരികയാണ്.
പാലത്തിനു കുറുകെ പത്തിടത്ത് തോടുകീറി പരിശോധന വേണ്ടിവരും. പ്രധാനമായും രണ്ടറ്റത്തുമാണ് പരിശോധന വരുന്നത്. പാലത്തിന് കുലുക്കം കൂടുതൽ ഈ ഭാഗത്തായതിനാലാണിത്. മുക്കാൽ അടിയോളം കനത്തിൽ പാലത്തിൽ ടാറുണ്ട്. ഇതിന്റെ ഭാരംതന്നെ വളരെ വലുതാണെന്ന് പരിശോധനാ ഉദ്യോഗസ്ഥർ പറഞ്ഞു. കനത്തിലുള്ള ടാർ മൊത്തം നീക്കംചെയ്ത് പുതിയതായി ടാർചെയ്യേണ്ടി വന്നേക്കും.
നിലവിലെ പരിശോധനകൾക്കുശേഷം പാലത്തിൽ പഴയരീതിയിൽത്തന്നെ സ്പാനുകൾ യോജിപ്പിക്കും. പാലത്തിൽ 24 മണിക്കൂറും പ്രവൃത്തി നടക്കുന്നുണ്ട്. ഡെൽഹി ആസ്ഥാനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം അമ്പതോളം പേർ വിശ്രമമില്ലാതെ പണിയിലാണ്.
ബുധനാഴ്ച ഇരുചക്ര വാഹനങ്ങൾ കടത്തിവിട്ടില്ല. ആളുകളെ നടന്നുപോകാൻ അനുവദിച്ചു. വാഹനങ്ങൾ മലയാറ്റൂർ, ആലുവ റോഡുകളിലൂടെ തിരിച്ചുവിട്ടു. അതേസമയം തിരക്കേറിയ എംസി റോഡിലെ വാഹനങ്ങളെ ഉൾക്കൊള്ളാൻവേണ്ട ഇടമില്ലാതെ മലയാറ്റൂർ, ആലുവ റോഡുകൾ തിങ്ങി. പരിശോധനയുടെ ഭാഗമായി കാലടി പാലം അടച്ചതോടെയാണ് ഈ റോഡുകളിൽ കൂടുതൽ വാഹനങ്ങൾ എത്തിയത്.
കാലടി കവലയിൽ നിന്ന് രണ്ട് റോഡുകളിലേക്കും വാഹനങ്ങൾ തിരിച്ചുവിട്ടു. മലയാറ്റൂർ-കോടനാട്, തിരുവൈരാണിക്കുളം-മാറമ്പള്ളി, ചൊവ്വര-മഹിളാലയം പാലങ്ങൾ വഴിയാണ് പ്രധാന റോഡുകളിൽ പ്രവേശിച്ചത്.
മലയാറ്റൂർ, ആലുവ റോഡുകളിൽ ബുധനാഴ്ച ഏറെനേരം ഗതാഗത തടസ്സമുണ്ടായി. ഇരുറോഡുകൾക്കും വീതി കുറവാണ്. മലയാറ്റൂർ റോഡിൽ രണ്ടിടത്ത് വാഹനങ്ങൾ കേടായതാണ് കുരുക്കിനിടയാക്കിയത്. മധുരിമ കവലയിൽ രാവിലെ എട്ടരയോടെ കെ.എസ്.ആർ.ടി.സി. ബസ് കേടായിക്കിടന്നു. പെടോൾ പമ്പിനു സമീപം ലോറിയും കേടായി. ഗതാഗതം താറുമാറായതോടെ പോലീസ് ഇറങ്ങി നിയന്ത്രിച്ചു. ഗതാഗതം സാധാരണനിലയിലാവാൻ ഏറെ സമയമെടുത്തു. ആലുവ റോഡിൽ തോട്ടുമുഖം ഭാഗത്തും ഗതാഗത തടസ്സം നേരിടുന്നുണ്ട്.