കോട്ടയം: റോസന്നയുടെ താളംതെറ്റിയ മനസാണ് സിജുവിൻ്റെ കൊലപാതകത്തിന് പിന്നിലെന്ന് നാട്ടുകാരും പോലീസും. അനാഥാലയത്തിൽനിന്നും വിവാഹം ചെയ്ത് കൂട്ടിക്കൊണ്ടുവരുമ്പോൾ നല്ലപാതിയെന്ന സ്വപ്നം മാത്രമാണ് സജി കണ്ടത്. എന്നാൽ സജി ആഗ്രഹിച്ച നല്ലപാതിയാകാൻ റോസന്നയുടെ മനോവൈകല്യം അനുവദിച്ചില്ല. റോസന്നയുടെ കൈകൾ തന്നെ സജിയുടെ അന്ത്യം കുറിക്കുകയും ചെയ്തു.
തമിഴ്നാട് ബോഡിമറ്റം സ്വദേശിനിയായ റോസന്ന കോട്ടയത്തെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഒൻപതു വർഷങ്ങൾക്ക് മുമ്പായിരുന്നു സിജു റോസന്നയെ ജീവിത സഖിയാക്കിയത്. ഇവർക്കു മാനസിക പ്രശ്നങ്ങളുള്ള വിവരം സിജി അറിഞ്ഞിരുന്നില്ല.
ബന്ധുക്കളും ഏതാനും ചില നാട്ടുകാരും മാത്രമാണ് ഇവരുടെ വിവാഹ വിവരം അറിഞ്ഞതുപോലും. നാളുകൾക്കുശേഷം ഇവർക്ക് മകനുണ്ടായി. ആരെയും റോസന്ന വീട്ടിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മുൻപും റോസന്ന നാട് വിട്ട് പോയിട്ടുണ്ട്. അന്ന് ഇവരെ തമിഴ്നാട്ടിൽനിന്നുമാണ് കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.
ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്നയെ വിദഗ്ധ ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോകാനിരിക്കുകയായിരുന്നു സിജു. വീട്ടിൽ പറയത്തക്ക വഴക്കുകളോ അസ്വാരസ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും നല്ല നിലയിൽ കുടുംബം നോക്കിയിരുന്ന വ്യക്തിയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവറായ സിജുവെന്നും നാട്ടുകാർ പറയുന്നു.