ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടെന്റിന് തീപിടിച്ച് മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതല കുന്നേല്‍ അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്. ഇന്നലെ അര്‍ധരാത്രിയാണ് അപകടം നടന്നത്.
അതിര്‍ത്തിയിലെ ബാരാമുള്ള ഭാഗത്ത് ബിഎസ്എഫ് ജവാന്‍മാര്‍ ഒറ്റയ്ക്ക് കാവല്‍ നില്‍ക്കുന്ന ടെന്റുകളില്‍ ഒന്നിലായിരുന്നു അനീഷ് ഉണ്ടായിരുന്നത്. തണുപ്പ് നിയന്ത്രിക്കാനായി വെച്ചിരുന്ന ഹീറ്ററില്‍ നിന്നാകാം തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
തീപിടിച്ചതിനെ തുടര്‍ന്ന് ടെന്റില്‍ നിന്ന് എടുത്തു ചാടിയ അനീഷ്, പതിനഞ്ചടിയോളം താഴേക്ക് പതിച്ചു. വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം.
ഇദ്ദേഹത്തിന്റെ ഭാര്യ സിആര്‍പിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളുണ്ട്. ഈവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി മടങ്ങാനിരിക്കുകയായിരുന്നു.
അതേസമയം ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചിലെ സുരാന്‍കോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. സൈനിക നടപടി തുടരുകയാണ്.
അതിനിടെ, ശ്രീനഗറിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ കൂടി മരിച്ചു. രണ്ട് പൊലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. പൊലീസുകാര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.