പെരുമ്പാവൂർ : ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ശുദ്ധജലത്തടാകമായ കാലടി മലയാറ്റൂർ മണപ്പാട്ടുചിറയിലെ പുതുവത്സരത്തോടനുബന്ധിച്ചുള്ള നക്ഷത്രതടാകവും മെഗാകാർണിവലും ഇത്തവണയും നടത്തേണ്ടെന്ന തീരുമാനമാണെടുത്തിരിയ്ക്കുന്നതെന്ന് അങ്കമാലി എം. എൽ. എ. റോജി എം. ജോൺ പറഞ്ഞു. കൊറോണ ഭീതിമൂലം കഴിഞ്ഞ വർഷവും പരിപാടി ഉപേക്ഷിച്ചിരുന്നു. ഇത്തവണ ഒമിക്രോൺ ഭീതിജനിപ്പിക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം.
കേരളാ സർക്കാരിന്റെ രജിസ്‌ട്രേഷൻ ഉള്ള മലയാറ്റൂർ ജനകീയ വികസന സമിതിയുടെ ആദ്യ കാൽവെയ്പായിരുന്നു ‘നക്ഷത്ര തടാകം’ അഥവാ മലയാറ്റൂർ മെഗാ കാർണിവൽ പ്രോജക്ട്. മലയാറ്റൂരിന്റെയും, മണപ്പാട്ടു ചിറയുടെയും സമഗ്ര വികസനവും ടൂറിസവുംലക്ഷ്യമിട്ടുകൊണ്ടുള്ള കാർണിവൽ പതിനായിരങ്ങളെ ആകർഷിച്ചിരുന്നു. അന്തർ ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ അടിവാരത്ത് സ്ഥിതിചെയ്യുന്ന 110 ഏക്കർ വിസ്തൃതിയുള്ള മണാപ്പാട്ടുചിറയുടെ ചുറ്റും ആയിരക്കണക്കിന് നക്ഷത്രങ്ങൾ തെളിയിച്ച് ഡിസംബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലമായിരുന്നു കാർണിവൽ നടന്നിരുന്നത്.
പതിനായിരത്തോളം നക്ഷത്രങ്ങളുടെ ശോഭയിൽ തിളങ്ങുന്ന മണപ്പാട്ടുചിറ കാണാൻ ഈ കാലയളവിൽ അന്യദേശങ്ങളിൽ നിന്നുപോലും ജനങ്ങളെത്തിയിരുന്നു. കാർണിവൽ നടക്കുന്ന ദിവസങ്ങളിലെല്ലാം സെലിബ്രറ്റികളുടെ സാനിദ്ധ്യം കൂടാതെ എല്ലാ ദിവസങ്ങളെയും മനോഹരമാക്കാൻ കലാസന്ധ്യകൾ, ഏറ്റവും വലിയ ആകർഷമായി 80 അടി ഉയരത്തിൽ തയ്യാറാക്കിയിരുന്ന സാന്റാക്ലോസ്, ഫുഡ് കോർട്ടുകൾ, യന്ത്ര ഊഞ്ഞാൽ, ബോട്ട് സവാരി, മുതലായവ മേളയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
ഡിസംബർ 31ന് ജനനിബിഡമാകാറുള്ള മണപ്പാട്ടുചിറയിൽ ഡി.ജെ. സംഗീതത്തിന്റെ അകമ്പടിയോടെ
പപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവർഷത്തെ വരവേറ്റിരുന്നത്. ത്രിതല പഞ്ചായത്തിന്റെയും മലയാറ്റൂർ ജനകീയ സമിതിയുടെയും
ആഭിമുഖ്യത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നുവന്നിരുന്ന പരിപാടിയാണ് ഒമിക്രോൺ ഭയാശങ്കയിൽ ഇത്തവണ മാറ്റിവയ്‌ക്കേണ്ടിവരുന്നത്. ഇതിൽ പ്രദേശവാസികൾ കടുത്ത നിരാശയിലാണ്. മലയാറ്റൂർ വില്ലേജ് ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളിലെയും പൊതുജനങ്ങളെ ഉൾപ്പെടുത്തി മലയാറ്റൂരിന്റെ സമഗ്രവികസനത്തിനായും കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ-കലാ-സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും, പൊതുജനങ്ങളുടെ സാമൂഹികവും ആരോഗ്യപരവുമായ അഭിവൃത്തിക്കായി പ്രവർത്തിക്കാനുമായി 2015 ലാണ് മലയാറ്റൂർ ജനകീയ വികസന സമിതി രൂപം കൊണ്ടത്.