വിവാദങ്ങളില്‍ പങ്കില്ല ; തന്നെ വീണ്ടും നിമയമിച്ചതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണർ: കണ്ണൂര്‍ സര്‍വകലാശാല വിസി

കണ്ണൂർ: വൈസ് ചാൻസലർ പദവിയിൽ തന്നെ വീണ്ടും നിമയമിച്ചതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണറാണെന്ന് കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ. നിയമന ഉത്തരവ് കിട്ടിയത് പ്രകാരമാണ് പദവിയിൽ പ്രവേശിച്ചത്. ചാൻസലറുടെ ഓഫീസിൽ നിന്നാണ് കത്ത് കിട്ടിയത്.

പുനർനിയമനം നടത്തിയവർ വിവാദത്തിന് മറുപടി പറയണമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ ആദ്യമായാണ് ഈ തരത്തിലുള്ള പുനർ നിയമനം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ട്. വിവാദത്തിൽ തനിക്ക് പങ്കില്ല. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വി.സി പ്രതികരിച്ചു.

കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ചട്ടം ലംഘിച്ച് പ്രവർത്തിക്കേണ്ടി വന്നുവെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തുറന്നു പറച്ചിലാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും എന്നാൽ, അതിനുശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി. താൻ നിലവിലുള്ള വി.സി.ക്ക് പുനർനിയമനം നൽകിയത് വിവാദം ഒഴിവാക്കാനായിരുന്നു.

പുനർനിയമനമെന്നാൽ നിലവിലുള്ളയാൾക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താൻ താൻ ആവത് ശ്രമിച്ചു. നിലവിലുള്ള വി.സി.ക്ക് പുനർനിയമനം നൽകുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നായിരുന്നു ഗവർണർ വ്യക്തമാക്കിയത്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 4 വർഷത്തെ കാലാവധി പൂർത്തിയാക്കിയ വിസിക്ക് അതേ പദവിയിൽ ഗവർണർ 4 വർഷത്തേക്കു കൂടി പുനർനിയമനം നൽകുന്നതു സംസ്ഥാനത്ത് ആദ്യമാണ്.പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. രാഷ്ട്രീയ നിയമനമാണ് ഗോപിനാഥ് രവീന്ദ്രന്റേതെന്ന വിവാദങ്ങൾക്കിടെയാണ് ഗവർണറുടെ കത്തും പുറത്തുവന്നത്.