കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിൽ കണ്ട കടുവയെ മയക്കുവെടി വച്ചു വീഴ്ത്താൻ വനംവകുപ്പ് തീരുമാനിച്ചു. കടുവയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചത്.
എസ്റ്റേറ്റിൽ കണ്ട കടുവ രണ്ടു ദിവസത്തിനിടെ രണ്ടു കാട്ടുപന്നികളെ കൊന്നിരുന്നു. ഇവയെ പകുതി ഭക്ഷിച്ച നിലയിൽ എസ്റ്റേറ്റിൽ കാണപ്പെടുകയും ചെയ്തു. കഴിഞ്ഞ രാത്രി പ്രദേശത്തെ വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചതോടെ നാട്ടുകാർ ഭീതിയിലായി. ഇതോടെയാണ് കെണിയിൽ വീഴുന്നതിനായി കാത്തിരിക്കാതെ മയക്കുവെടി വയ്ക്കാൻ തീരുമാനമായത്.
ഡപ്യൂട്ടി റേഞ്ച് ഓഫീസർ പി. രാമദാസിന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നത്. കടുവയെ കണ്ടെത്താൻ വനംവകുപ്പിന്റെ ദ്രുത കർമസേനയും സ്ഥലത്തെത്തി.