ജയ്‌സാൽമാർ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ അബ്ദുൾ നക്കി ഖാന്റെ മകൻ 21 കാരൻ ജവ്വാദ് ഖാനെയാണ് ടോങ്ക് പോലീസ് അറസ്റ്റ് ചെയ്തത്.
‘ജഹന്നൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ജീവനോടെ കത്തിച്ചു ‘ വെന്നായിരുന്നു ബിപിൻ റാവത്തിന്റെ ചിത്രം പങ്കുവെച്ച് ജവ്വാദ് ഖാൻ ട്വീറ്റ് ചെയ്തത്. അപകീർത്തികരമായ പ്രസ്താവനകളുടെ പേരിലാണ് അറസ്റ്റ്. ഇന്നലെ ജവ്വാദ് ഖാൻ ഇട്ട അപകീർത്തികരമായ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതായും പ്രതിയെ അറസ്റ്റ് ചെയ്യാൻ നാല് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പോലീസ് പറഞ്ഞു. ഇന്നലെ മുതൽ ഇയാളെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു.
താലിബാൻ അനുകൂല ചിന്താഗതിക്കാരനായ ജവ്വാദ് ഖാന്റെ ട്വിറ്ററിൽ മതവിദ്വേഷം വളർത്തുന്ന നിരവധി ചിത്രങ്ങളും സന്ദേശങ്ങളും ഉണ്ട്. സ്വയം ‘ഇസ്ലാമിക മതമൗലികവാദി’ എന്ന് പറയുന്ന പോസ്റ്റുകളുമുണ്ട്. ബാബറി പുനർനിർമ്മിക്കുമെന്ന പേരിലും ഇയാൾ പോസ്റ്റുകൾ പങ്ക് വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഹെലികോപ്റ്റർ അപകടം സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പറഞ്ഞു. അന്വേഷണത്തിന് എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് നേതൃത്വം നല്‍കും. കോപ്റ്റര്‍ പുറപ്പെട്ടത് 11.48ന് സുലൂരില്‍നിന്നാണ്, 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. 12.08ന് കോപ്റ്ററുമായി ആശയവിനിമയബന്ധം നഷ്ടമായെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
14 പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. 13പേർ മരിച്ചു, എല്ലാവരുടെയും മൃതദേഹം ഡെല്‍ഹിയിലെത്തിക്കും. ജന. റാവത്ത് അസാധാരണ ധീരതയോടെ രാജ്യത്തെ സേവിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. അതേസമയം, ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇരുവരുടെയും ഭൗതിക ശരീരം ഇന്ന് വൈകിട്ടേടെ ഡൽഹിയിലെത്തിക്കും. നാളെ രാവിലെ 11 മണിക്കാണ് ഡൽഹിയിൽ പൊതുദർശനം. അതിന് ശേഷം വിലാപയാത്രയായി കന്റോൺമെന്റിലേക്ക് കൊണ്ടുപോകും. കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിലാണ് ബിപിൻ റാവത്തിന് അന്ത്യവിശ്രമം ഒരുക്കുക. രണ്ടാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അടക്കം ചെയ്ത പ്രദേശമാണ് ബ്രാർ സ്ക്വയർ. ഉയർന്ന റാങ്കിലുള്ള സൈനികരെയും ഇവിടെയാണ് സംസ്കരിക്കുന്നത്.