ന്യൂഡെൽഹി: കർഷകരുടെ സമരവീര്യത്തിന് അന്തിമവിജയം. ഇതോടെ ഒന്നര വർഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കർഷക സമരത്തിന് പര്യവസാനം. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച് രേഖമൂലം സർക്കാർ ഉറപ്പു നൽകുകയും ചെയ്തതോടെയാണ് പുതിയ സമരത്തിന്റെ ഏടുകൾ രചിച്ച ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.
ഡെൽഹി അതിർത്തികളിൽ നിന്ന് ഡിസംബംർ 11-മുതൽ കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കർഷക സംഘടനകൾ അറിയിച്ചു. ‘ഞങ്ങളുടെ സമരം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കാം’ സംയുക്ത കിസാൻ മോർച്ച നേതാക്കൾ യോഗത്തിന് ശേഷം പറഞ്ഞു.
കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നതടക്കം കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കർഷകർ ഉയർത്തിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനം.
അതേസമയം, താങ്ങുവില സംബന്ധിച്ചും ലഖിംപുർ വിഷയത്തിൽ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്. രാജ്യതലസ്ഥാന അതിർത്തികളിലെ ഉപരോധം പൂർണ്ണമായും പിൻവിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
കർഷക സംഘടനകൾ വ്യാഴാഴ്ച വൈകിട്ട് 5:30 ന് വിജയ പ്രാർത്ഥന നടത്തും. ഡിസംബർ 11 ന് രാവിലെ 9 മണിയോടെ ഡെൽഹിയുടെ അതിർത്തികളായ സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളിൽ വിജയ മാർച്ചും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കർഷക സംഘടനാ വൃത്തങ്ങൾ അറിയിച്ചു.
ആറ് ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 21 ന് പ്രധാനമന്ത്രി മോദിക്ക് സംയുക്ത കിസാൻ മോർച്ച അയച്ച കത്തിനെ തുടർന്ന് കേന്ദ്രം കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സമിതിക്ക് രേഖാമൂലമുള്ള ഉറപ്പ് നൽകിയത്.