ന്യൂഡെൽഹി: കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനും. ഹരിയാനയിലെ പഞ്ചക്കുളയിൽ നിന്നുള്ള ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡറാണ് സ്ഥാനക്കയറ്റം കൈയ്യിലെത്തുംമുമ്പ് വിടപറഞ്ഞത്.
കഴിഞ്ഞ ഒരുവർഷത്തിലേറെയായി സംയുക്ത സേനാ മേധാവി വിപിൻ റാവത്തിന്റെ സ്റ്റാഫ് ആയി പ്രവർത്തിച്ചു വരികയായിരുന്നു ലഖ്ബിന്ദർ സിങ് ലിഡർ. ജമ്മു കശ്മീർ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെ കമാൻഡായിരുന്നു ബ്രിഗേഡിയർ എൽ എസ് ലിഡർ.
അദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. താമസിയാതെ ഡിവിഷൻ ഓഫീസർ സ്ഥാനം ഏറ്റെടുക്കാനിരിക്കെയായിരുന്നു അപകടം. സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.
രാജ്യത്തിന് ഏറ്റവും മികച്ച, ധീരനായ ഓഫീസർമാരിൽ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു, എനിക്ക് ഒരു സുഹൃത്തിനേയും. കരുതലുള്ള ഭർത്താവും പ്രിയപ്പെട്ട പിതാവുമായിരുന്നു എൽ.എസ് ലിഡറെന്നും മുൻ കേന്ദ്ര മന്ദ്രി രാജ്യവർധൻ സിങ് റാത്തോഡ് ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിന്റെ മകൾ ആഷ്ന ലിഡർ എഴുതിയ ‘ഇൻ സെർച്ച് ഓഫ് എ ടൈറ്റിൽ: മ്യൂസിങ്സ് ഓഫ് എ ടീനേജർ’ എന്ന പുസ്തകം നവംബർ 27ന് പ്രകാശനം ചെയ്തിരുന്നു. മകളുടെ നേട്ടത്തിൽ അദ്ദേഹം അഭിമാനിക്കുകയും പുസ്തകപ്രകാശന ചടങ്ങിൽ വളരെയധികം സംസാരിക്കുകയും ചെയ്തിരുന്നു. പ്രകാശന ചടങ്ങിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ ഡോ. മധുലിക റാവത്തും പങ്കെടുത്തിരുന്നു.