ന്യൂഡെൽഹി: രാജ്യത്തെ ഞെട്ടിച്ച തമിഴ്നാട്ടിലെ കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ മരിച്ചവരിൽ മലയാളി യുവസൈനികനും. തൃശൂർ പുത്തൂർ പൊന്നൂക്കര സ്വദേശിയും ഹെലികോപ്ടറിന്റെ ഫ്ലൈറ്റ് ഗണ്ണറും ആയിരുന്ന വ്യോമസേന വാറന്റ് ഓഫീസർ പ്രദീപ് അറയ്ക്കലാണ് (38) അപകടത്തിൽ മരിച്ച മലയാളി.
വ്യോമസേനയിൽ 2004 ലാണ് പ്രദീപ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയ സമയത്തെ റസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തു.
2018 ലെ കേരളത്തിലെ പ്രളയ സമയത്തു കോയന്പത്തൂർ വ്യോമസേനാ താവളത്തിൽനിന്നും രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹമായ സേവനമാണ് പ്രദീപ് കാഴ്ചവച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യസംഘം ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടിയിരുന്നു.
പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിനുസമീപം അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മകനാണ്.ദുരന്ത വിവരം അറിഞ്ഞ് സഹോദരൻ പ്രസാദ് കോയമ്പത്തൂരിലേക്കു പോയിട്ടുണ്ട്. പ്രദീപിന്റെ കുടുംബം കോയമ്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് താമസം.
പ്രദീപ് ഏതാനും നാൾ മുമ്പ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് നാലാംദിവസമാണ് അപകടം. അമ്മ: കുമാരി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷൻ ദേവ് (അഞ്ച്), ദേവപ്രയാഗ് (രണ്ട്).
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.
വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് ഉച്ചയ്ക്ക് 12ന് തകർന്നു വീണത്. 14 പേരാണ് ഹെലികോപ്റ്റടറിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ചികിത്സയിലാണ്.