തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു; പൊലീസുകാർക്കു ദീർഘ നേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്നു ഡിജിപി

തിരുവനന്തപുരം: പൊലീസുകാർക്കു ദീർഘ നേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്നു ഡിജിപിയുടെ സർക്കുലർ. പൊലീസുകാർ പല സ്ഥലത്തും കുഴഞ്ഞു വീണതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഡ്യൂട്ടി സമയം കുറച്ചാലുള്ള പകരം സംവിധാനം സർക്കുലറിൽ നിർദേശിച്ചിട്ടില്ല.

സ്റ്റേഷനുകളിലെ അംഗസംഖ്യ വർധിപ്പിക്കാതെ ഇത്തരം സർക്കുലർ കൊണ്ട് പ്രയോജനമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് സ്റ്റേഷനുകളിൽ 8 മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിട്ടു വർഷങ്ങളായി. ഇപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശരാശരി ജോലി സമയം 12 മണിക്കൂറിലേറെയാണ്.

കേരളത്തിലെ 482 പൊലീസ് സ്റ്റേഷനുകളിലായി സ്റ്റേഷൻ ഹൗസ് ഓഫിസർ മുതൽ കോൺസ്റ്റബിൾ വരെ 21,428 പേർ ജോലി ചെയ്യുന്നു. ഒരു സ്റ്റേഷനിലെ ശരാശരി പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 45 ആണ്. 19 പേരുള്ള തിരുവനന്തപുരം റൂറലിലെ അയിരൂർ പൊലീസ് സ്റ്റേഷൻ മുതൽ 166 പേരുള്ള കൊച്ചി സിറ്റി സെൻട്രൽ സ്റ്റേഷൻ വരെ കൂട്ടത്തിലുണ്ട്.

പകുതിയിലേറെ പൊലീസ് സ്റ്റേഷനുകളിലും അംഗസംഖ്യ 35 ൽ താഴെയാണ്. സാധാരണ ദിവസം ശരാശരി 12 മണിക്കൂറും അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ സമയവും ജോലി ചെയ്യുന്നു. മറ്റു സർക്കാർ ജീവനക്കാരുടെ ശരാശരി പ്രവൃത്തി സമയം 7 മണിക്കൂറാണ്. അതിനാൽ തുടർച്ചയായ ഡ്യൂട്ടി ഒഴിവാക്കണമെങ്കിൽ സർക്കുലറിനു പകരം അംഗസംഖ്യ വർധിപ്പിക്കാൻ നടപടിയാണു വേണ്ടതെന്നു പൊലീസുകാർ പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് സംഘടനകൾ കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയും ഉദ്യോഗസ്ഥർക്കുണ്ട്.