തൃശൂർ: സഹോദരിയുടെ വിവാഹം നടത്താനുള്ള പണം വായ്പയായി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍(25) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്സ്മാനായിരുന്നു വിപിന്‍.
വിപിനു മൂന്നു സെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്നു വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്നു വിവാഹത്തിനു സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി വിപിൻ ജ്വല്ലറിയിൽ പോയി. ഇവരെ ജ്വല്ലറിയിൽ ഇരുത്തിയശേഷം പണവുമായി ഉടനെത്താമെന്നറിയിച്ചു വിപിന്‍ പോയി.
എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്നു ബാങ്കില്‍നിന്നു പിന്നീട് അറിയിപ്പ് കിട്ടി. ജ്വല്ലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.
വിപിന്റെ അച്ഛന് വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്മുൻപാണ് വിപിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ, വിവാഹം സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവയ്ക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.