സൈജു തങ്കച്ചൻ്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും

കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൻ്റെ ഭാഗമായി സൈജു തങ്കച്ചൻ്റെ ലഹരിപാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് ഈ പരിശോധന. ലഹരി മരുന്ന് ഉപയോഗിച്ചാൽ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിൻ്റെ അംശമുണ്ടാവും.

ഈ സാഹചര്യത്തിലാണ് സൈജുവിൻ്റെ മൊഴിയുടേയും മൊബൈൽ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ ലഹരിപാർട്ടിയിൽ പങ്കെടുത്തവരെ ലഹരിപരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചത്. നിലവിൽ ലഹരി പാർട്ടിയുടെ വീഡിയോയും സൈജുവിൻ്റെ മൊഴിയും മാത്രമാണ് പൊലീസിനുള്ളത്. ഇതു മാത്രം വച്ച് ലഹരിക്കേസ് തെളിയിക്കാനാവില്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് ശാസ്ത്രീയെ തെളിവുകൾ ശേഖരിക്കാൻ പൊലീസ് ഒരുങ്ങുന്നത്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഫോർട്ട് കൊച്ചിയിലെ നന്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കഴിഞ്ഞ ദിവസം നമ്പർ 18 ഹോട്ടലിൽ പൊലീസ് നർക്കോട്ടിക് വിഭാഗം ഇന്നലെ പരിശോധന നടത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഡോഗ് സ്ക്വാഡുമായിട്ടായിരുന്നു പരിശോധന.

മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫ്ലാറ്റുകളിലും റിസോർട്ടുകളിലും ലഹരിപ്പാർട്ടികൾ നടന്നെന്ന സൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും സംഘങ്ങളായി തിരിഞ്ഞ് ഇന്നലെ കൊച്ചിയിലെ വിവിധിയടങ്ങളിൽ പരിശോധന നടത്തിയിരുന്നു.