കർഷക പ്രക്ഷോഭത്തിന് പരിസമാപ്തി: കർഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡെൽഹി: കഴിഞ്ഞ 15 മാസത്തിലേറെയായി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച കർഷക പ്രക്ഷോഭത്തിന് പരിസമാപ്തിയാകുന്നു. താങ്ങുവില അടക്കം കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മിക്കവതും കേന്ദ്ര സർക്കാർ അംഗീകരിച്ചു.

ഇതുസംബന്ധിച്ച് കേന്ദ്രം കർഷക സംഘടനകൾക്ക് രേഖാമൂലം ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ട്. സർക്കാർ മുന്നോട്ടുവെച്ച ഈ നിർദേശങ്ങളിൽ കർഷക സംഘടനകൾ ചർച്ച നടത്തുകയാണ്. തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുന്നതിന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ മാധ്യമങ്ങളെ കാണും.

എംഎസ്പി സംബന്ധിച്ച കാര്യങ്ങൾക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കുമെന്നും വൈക്കോൽ കത്തിച്ചതിന് കർഷകരുടെ പേരിലുള്ള മുഴുവൻ കേസുകളും പിൻവലിക്കുമെന്നും സർക്കാർ കർഷക സംഘടനകൾക്കയച്ച കത്തിൽ വ്യക്തമാക്കി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കർഷകരുടെ മറ്റു ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാൻ സന്നദ്ധത അറിയിച്ച് ഹരിയാന സർക്കാരും കർഷകർക്ക് കത്ത് നൽകിയേക്കും. കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും തങ്ങൾ ഉന്നയിക്കുന്ന മറ്റു ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നായിരുന്നു നേരത്തെ കർഷക സംഘടനകൾ എടുത്ത നിലപാട്. ഇപ്പോൾ തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് കർഷകർ സമരത്തിൽനിന്ന് പിൻവാങ്ങാനൊരുങ്ങുന്നത്.