Home State പോലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥയുടെ ഫോട്ടോഷൂട്ട് ; എസ്ഐ ഡിജിപിയുടെ ഉത്തരവ് ലംഘിച്ചെന്ന് ആക്ഷേപം

പോലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥയുടെ ഫോട്ടോഷൂട്ട് ; എസ്ഐ ഡിജിപിയുടെ ഉത്തരവ് ലംഘിച്ചെന്ന് ആക്ഷേപം

0

കോഴിക്കോട്: ഡിജിപിയുടെ ഉത്തരവ് ലംഘിച്ച് പോലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥയുടെ ഫോട്ടോഷൂട്ട്. കോഴിക്കോട്ടെ ഒരു പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐയാണ് ഔദ്യോഗിക യൂണിഫോമിൽ ഭാവി വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇതിനെതിരേ പോലീസ് സേനയിലടക്കം മുറുമുറുപ്പ്.

യൂണിഫോമിലെ രണ്ട് സ്റ്റാറുകളും പേരുൾപ്പെടെ സബ് ഇൻസ്പക്ടർ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ പ്രതിശ്രുത വരനുമായി ഫോട്ടോ ഷൂട്ട് നടത്തിയത്. ഇത് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഫോട്ടോ ഷൂട്ട് വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. ഇതു ഡിജിപിയുടെ ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും യൂണിഫോമിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമാണ് സേനയിൽ നിന്നുയരുന്ന ആരോപണം. എസ്ഐയുടെ ഫോട്ടോ ഷൂട്ട് ഇതിനകം പലരും സമൂഹമാധ്യമങ്ങൾ വഴി പങ്കു വച്ചിട്ടുണ്ട്. പൊലീസ് മാനുവലിലും യൂണിഫോം സംബന്ധിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനും വിരുദ്ധമാണ് ഈ ചിത്രങ്ങൾ.

ടിപി സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ സമൂഹമാധ്യമങ്ങളിൽ പൊലീസ് സേനാംഗങ്ങൾ വ്യക്തി പരമായി ഇടപെടുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് 2015 ഡിസംബർ 31ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. പൊലീസ് സേനാംഗങ്ങൾ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിക്കാൻ പാടുള്ളതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും വ്യക്തിപരമായ അക്കൗണ്ടിൽ ഔദ്യോഗിക മേൽവിലാസം, വേഷം തുടങ്ങിയവ ഉപയോഗിച്ചു ചെയ്യുന്ന നിയമവിരുദ്ധമായ യാതൊരു കാര്യങ്ങൾക്കും ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതിനിടെ യൂണിഫോം ധരിച്ചുള്ള ഫോട്ടോഷൂട്ട് അച്ചടക്ക ലംഘനമാണെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ പ്രതികരിച്ചു. ഔദ്യോഗിക വേഷത്തിലുള്ളതാണെങ്കിൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സേവ് ദ് ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ പലപ്പോഴും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമാകാറുമുണ്ട്. രണ്ട് വർഷം മുമ്പ് അത്തരത്തിൽ ഫോട്ടോഷൂട്ടുകൾക്കെതിരെ പൊലീസ് മീഡിയാ സെല്ലിന്റെ ഔദ്യോഗിക പേജിലുടെ വിമർശനമുണ്ടായി. ‘സേവ് ദ ഡേറ്റ് ആയിക്കോളൂ, കുഞ്ഞങ്ങൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട്’ എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരേ രൂക്ഷ വിമർശനമായിരുന്നു പൊലീസിനു നേരിടേണ്ടി വന്നത്.

സദാചാര പൊലീസിനെ പിന്തുണയ്ക്കുന്നുവെന്ന വിവാദങ്ങൾ കേൾക്കേണ്ടി വന്നതോടെ ആ പോസ്റ്റ് നീക്കം ചെയ്തു. രണ്ട് വർഷങ്ങൾക്കിപ്പുറം പോലീസിന്റെ ആ പോസ്റ്റ് ഒരിക്കൽ കൂടി കുത്തി പൊക്കുകയാണ് സോഷ്യൽ മീഡിയ. വിഷയം ഫോട്ടോഷൂട് തന്നെ , വിമർശനം ഏറ്റു വാങ്ങുന്നത് പോലീസും.

LEAVE A REPLY

Please enter your comment!
Please enter your name here