കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്.
അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് താന്‍ രോഗിയായത്. കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളാണ് താന്‍ ഇപ്പോള്‍.
ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായി.
മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തങ്ങള്‍ തകര്‍ന്നു പോയി. ‘എന്റെ പിതാവേ, എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി.
എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടു പോകണേ’ എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ, അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു.
സിനിമയില്‍ സജീവമായിരുന്നപ്പോഴും താന്‍ ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോഴും താന്‍ ആ പതിവ് തെറ്റിച്ചിരുന്നില്ല.
മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട് നടത്തിയ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങള്‍ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്.
അത് പിന്നീട് യാഥാര്‍ഥ്യമായപ്പോള്‍ ദൈവത്തിന് താന്‍ എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്തു നിര്‍ത്തിയത്. 40 ദിവസം താന്‍ ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്.
കര്‍ത്താവ് മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിന്റെ ഓര്‍മയുണര്‍ത്തലായിരുന്നു അത്. ആ ഉപവാസത്തിനിടയില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ട് പല കാര്യങ്ങളും തന്നോട് പറഞ്ഞതായി തോന്നിയിട്ടുണ്ട്.
അതെല്ലാം ജീവിതത്തിന്റെ സ്നേഹ വഴികളെ കുറിച്ചായിരുന്നു. ജോര്‍ജ് പറയുന്നു. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ജോര്‍ജിന്റെ ഈ തുറന്നു പറച്ചില്‍.