നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 ഗ്രാമവാസികൾ കൊല്ലപ്പെട്ടു

കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. 12 ഗ്രാമീണരും ഒരു സുരക്ഷാ സൈനികനുമാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തിൽ സുരക്ഷസേന നടത്തിയ ഓപറേഷനിലാണ് ഗ്രാമീണർ കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രോഷാകുലരായ നാട്ടുകാർ സുരക്ഷാ സേനയുടെ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു. പതിമൂന്ന് മരണം സ്ഥിരീകരിച്ചതായി മോൺ എസ്പിയെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

എൻഎസ് സിഎൻ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണർക്കുനേരെ സുരക്ഷാ സൈനികർ വെടിവെക്കുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഒട്ടിങ് ഗ്രാമത്തിൽ നിന്നുള്ള ഗ്രാമീണർ പിക് അപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. ഇവരെ കാണാത്തതിനേ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിച്ചിലിലാണ് ട്രക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.

തീവ്രവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഒരു പ്രത്യേക ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നതായി അസം റൈഫിൾസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നിർഭാഗ്യകരമായ സംഭവത്തേക്കുറിച്ച് ഉന്നതതലത്തിൽ അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും. സംഭവത്തിൽ ഒരു സൈനികൻ മരിക്കുകയും ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായും അസം റൈഫിൾസ് പ്രസ്താവനയിൽ പറയുന്നു.

ദൗർഭാഗ്യകരമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം സംഭവം സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിർഭാഗ്യകരമാണെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും പറഞ്ഞു. സംഭത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങൾ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.