ലഖ്നൗ: വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയർ കണ്ടെത്തി. ടയർ തിരികെ ലഭിച്ച കാര്യം ഉത്തർ പ്രദേശ് പോലീസാണ് സ്ഥിരീകരിച്ചത്. മിറാഷ്- 2000 യുദ്ധവിമാനത്തിന്റെ ടയറുകളുമായി പോവുകയായിരുന്ന ട്രക്കിൽനിന്ന് നവംബർ 27-നാണ് ഒരു ടയർ കാണാതായത്. ലഖ്നൗവിലെ ഷഹീദ് പഥ് മേഖലയിൽവെച്ചയിരുന്നു സംഭവം.
ലഖ്നൗവിലെ ബക്ഷി കാ തലാബ് എയർ ഫോഴ്സ് സ്റ്റേഷനിൽനിന്ന് രാജസ്ഥാനിലെ ജോധ്പുർ എയർബേസിലേക്ക് യുദ്ധവിമാനത്തിനു വേണ്ടിയുള്ള പുതിയ ടയറുകളും മറ്റ് ഉപകരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ട്രക്ക്. ഈ യാത്രയ്ക്കിടെയാണ് ഒരു ടയർ ട്രക്കിൽനിന്ന് നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ട്രക്ക് ഡ്രൈവർ ലഖ്നൗ പോലീസിൽ പരാതി നൽകിയിരുന്നു.
ശനിയാഴ്ച രണ്ടുപേർ ടയറുമായി ബക്ഷി കി താലബ് എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തുകയായിരുന്നെന്ന് ലഖ്നൗ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. മോഷണം നടന്നതായി പറയപ്പെടുന്ന സ്ഥലത്തുനിന്നാണ് തങ്ങൾക്ക് ഈ ടയർ കിട്ടിയതെന്ന് ഇരുവരും പറഞ്ഞു. ട്രക്കിന്റെ ടയർ ആണെന്ന് കരുതിയാണ് വീട്ടിൽ കൊണ്ടുപോയതെന്നും ഇവർ കൂട്ടിച്ചേർത്തു.
ടയർ, തങ്ങളുടെ സപ്ലൈ ഡിപ്പോയിൽനിന്നുള്ളതാണെന്നും മിറാഷ് വിമാനത്തിന്റേതാണെന്നും എയർ ഫോഴ്സ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.